കോഴിക്കോട്: സർക്കാർ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നൽകുന്ന കായകൽപ് അവാർഡ് വിതരണം ചെയ്തു. ആശുപത്രികളിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തിയാണ് ഏറ്റവും നല്ല ആശുപത്രിക്ക് അവാർഡ് നൽകുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ആശുപത്രിക്ക് 50 ലക്ഷം രൂപയാണ് പുരസ്‌കാര തുക ലഭിക്കുന്നത്. ഈ വർഷം ജില്ലാതലത്തിൽ ജില്ലാശുപത്രി കാഞ്ഞങ്ങാട് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഗവ: ജനറൽ ആശുപത്രി കോഴിക്കോട് രണ്ടാം സമ്മാനമായ 20 ലക്ഷം രൂപ കരസ്ഥമാക്കി. മൂന്നാംസ്ഥാനത്തിനുളള 5 ലക്ഷം രൂപക്ക് ജില്ലാശുപത്രി ആലുവ അർഹരായി. എല്ലാ ജില്ലയിലും ഒന്നാം സമ്മാനം കരസ്ഥമാക്കിയ പി.എച്ച്.സി കൾക്ക് രണ്ട് ലക്ഷം രൂപയാണ് സമ്മാനത്തുക.

ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രികളിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തിന് മാതൃകയായ ആരോഗ്യസ്ഥാപനങ്ങളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പുരസ്‌കാരവിതരണ ചടങ്ങ് ആരോഗ്യസാമൂഹ്യ നീതി വനിതാശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൽ.കോബ്രഗഡെ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ.സരിത എന്നിവർ സംസാരിച്ചു.