ബാലുശ്ശേരി: അജ്ഞാത കോട്ടുധാരിയായ യുവാവിന്റെ ആക്രമണങ്ങൾ തുടരുന്ന കിനാലൂരിൽ പ്രദേശവാസികളുടെ ആശങ്കയകറ്റാനായി പനങ്ങാട് ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു. കിനാലൂർ ഏഴുകണ്ടി അനുഗ്രഹ ഓഡിറ്റോറിയത്തിൽ വൈകീട്ട് 4ന് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പ്രദേശവാസികളായ സ്ത്രീകളും യുവാക്കളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ജനപ്രതിനിധികളുമടക്കം നൂറോളം പേർ യോഗത്തിൽ പങ്കെടുത്തു.
കിനാലൂരിലെയുംപരിസരങ്ങളിലെയും തൊഴിൽ ശാലകളിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് യൂനിഫോമും പുറത്തേക്ക് പോകുന്നവർക്ക് ഐ ഡി കാർഡും വിതരണം ചെയ്യണമെന്നും പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും പെട്രോളിംഗ് ശക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സി പുഷ്പ, ഇസ്മയിൽ രാരോത്ത്, വി കെ സി ഉമ്മർ മൗലവി, വി ടി പ്രജീഷ്, കെ മുഹമ്മദ് മാസ്റ്റർ, കെ എം ജലീൽ, കുടുംബശ്രീ പ്രവർത്തക അനുഷപ്രിയ, ബാലുശ്ശേരി എസ്ഐ എംകെ സജു, പി.അബ്ദുൽ സലാം സംസാരിച്ചു. ഏഴാം വാർഡ് മെമ്പർ പി കെ നാസർ സ്വാഗതവും ആറാം വാർഡ് മെമ്പർ സി കെ ഷൈനി നന്ദിയും പറഞ്ഞു.
പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി, വൈസ് പ്രസിഡന്റ് പി ഉസ്മാൻ, വാർഡ് അംഗങ്ങളായ പി കെ നാസർ, സി കെ ഷൈനി, കെ. ദേവേശൻ, അബ്ദുല്ലത്തീഫ് മാസ്റ്റർ എന്നിവർ രക്ഷാധികാരികളും സി പി നൗഷാദ് ചെയർമാനും, കെ.വി ഹരിദാസ് കൺവീനറുമായ 27 അംഗ ജാഗ്രതാ സമിതി രൂപീകരിച്ചു. പ്രദേശങ്ങളിൽ അയൽ സഭകൾ ചേർന്ന് ബോധവൽകരണം നടത്താനും ദ്രുത കർമ്മ സേന രൂപീകരിക്കാനും തീരുമാനിച്ചു.