സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിൽ ചൊവ്വാഴ്ച രാത്രി നടന്ന വാഹന പരിശോധനക്കിടെ കാറിന്റെ ഡാഷ് ബോർഡ് ബോക്സിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 95 ബ്യൂപ്രിനോർഫിൻ ആംപ്യൂളുകൾ പിടികൂടി. കൽപ്പറ്റ എടപ്പെട്ടി സ്വദേശി പുത്തൂക്കണ്ടി വീട്ടിൽ അഷറഫ് പി.കെ (42), കൽപ്പറ്റ തുർക്കി സ്വദേശി ചൊക്ലി ഹൗസിൽ സെയ്ദ് (42) അറസ്റ്റ് ചെയ്തു. മയക്കു മരുന്നു കടത്തിയ കെഎ 3 എംസി 7561 ഹ്യൂണ്ടായ് കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡാഷ്ബോർഡ് ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പരിശോധനയ്ക്കിടെ വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട മയക്കുമരുന്ന് വിൽപ്പന സംഘത്തിൽ പെട്ട രണ്ട് പേർക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

20 വർഷംവരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കലശലായ വേദനയുള്ളവർക്ക് നൽകുന്ന ഈ മരുന്ന് ഇരുപത്തിനാലു മണിക്കൂർ നേരം ലഹരി നൽകുന്നതാണ്. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബൈജു.എസ്സ്, ജിജി ഐപ്പ് മാത്യു, പ്രിവന്റീവ് ഓഫീസർമാരായ കെ.ശശി, കെ.എം.സൈമൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി.രഘു, അജേഷ് വിജയൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിുന്നത്.