പടിഞ്ഞാറത്തറ: ജില്ലാ സ്‌കൂൾ കലോത്സവം പൂർണ്ണമായും ഹരിത ചട്ടം പാലിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് സംഘാടകരും ജില്ലാ ശുചിത്വമിഷനും. സർക്കാരിന്റെ പൊതുപരിപാടികൾ പൂർണ്ണമായും ഹരിത നിയമാവലി പാലിക്കണമെന്ന നിർദ്ദേശം പാലിച്ചാണ് ജില്ലാ കലാമേള ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതി രൂപീകരണ ഘട്ടം മുതൽ ജില്ലാ ശുചിത്വമിഷൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സബ് കമ്മിറ്റികളുടെയും സഹകരണം ഉറപ്പാക്കി.വിദ്യാലയത്തിൽ നിന്ന് തെരഞ്ഞെടുത്ത് ശുചിത്വമിഷൻ പരിശീലിപ്പിച്ച 40 അംഗ ഹരിതസേനയും,പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 32 അംഗങ്ങളുള്ള ഹരിത കർമ്മ സേനയും സേവന സന്നദ്ധരായി കലോത്സവ നഗരിയിലുണ്ട്. ഇവിടെയുണ്ടാകുന്ന അജൈവ മാലിന്യങ്ങളെ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള സംവിധാനം ജില്ലാശുചിത്വമിഷൻ ഒരുക്കിയിട്ടുണ്ട്. മേളയിലേക്ക് ആവശ്യമായ ബാഡ്ജുകൾ ,മത്സരാർത്ഥികൾക്കുള്ള കോഡ് നമ്പറുകൾ, ശുചീകരണ സാമഗ്രികൾ മുതലായവ ജില്ലാ മിഷൻ ലഭ്യമാക്കി.ഭക്ഷണ ശാലയിൽ ഡിസ്‌പോസിബിൾ പ്ലേറ്റുകൾ ,ഗ്ലാസുകൾ മുതലായവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഭക്ഷണാവശിഷ്ഠങ്ങൾ ഉൾപ്പെടെ ഒരോ ദിവസങ്ങളിലുമുണ്ടാകുന്ന ജൈവ മാലിന്യങ്ങൾ പ്രത്യേകമായി സംസ്‌കരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

ശുചിത്വമിഷൻ അധികൃതർക്കൊപ്പം മേളയുടെ ഭാഗമായി രൂപീകരിച്ച ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.