കോഴിക്കോട്: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ കീഴിൽ കുട്ടികളുടെ സംരക്ഷണത്തിനായുള്ള ദേശിയ പദ്ധതിയായ ചൈൽഡ്‌ലൈനിന്റെ 2019 വർഷത്തെ 7 ദിവസം നീണ്ടു നിൽക്കുന്ന ശിശുദിന കാമ്പയിൻ 'ചൈൽഡ്‌ലൈൻസേ ദോസ്തി' കോഴിക്കോട് ചൈൽഡ്‌ലൈന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ പരിപാടികളോടെ നടത്തും.
ജില്ലാ ലീഗൽ സർവ്വീസ് അതോററ്റി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ,സ്‌പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റ് എന്നിവയുമായി സംയുകതമായിചേർന്നാണ് വിവിധ പരിപാടികൾ നടത്തുന്നത്.

1. ശിശുദിനാഘോഷം
ഇന്ന് രാവിലെ കോഴിക്കോട് ഗവ ചിൽഡ്രൻസ്‌ഹോമിലെയും, ഫ്രീബേർഡ്സ് ഓപ്പൺ ഷെൽട്ടർഹോമിലെയും കുട്ടികൾ അംഗങ്ങളായ ചിൽഡ്രൻസ്‌ഹോം കാഡറ്റ്സ് ജില്ലയിലെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കണ്ട് അവരുമായി ആശയ വിനിമയം നടത്തും

14 ന് രാവിലെ 9 മണിക്ക് ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് കളക്ടർക്ക് കാഡറ്റ്സ് ചൈൽഡ്‌ലൈൻ സേ ദോസ്തി ബാന്റ് കെട്ടികൊടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യും. തുടർന്ന് ജില്ലാ പൊലീസ് മേധാവി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്നിവരെ അവരവരുടെ ചേമ്പറിൽ വെച്ച് കാണുകയും ചൈൽഡ്‌ലൈൻ സേ ദോസ്തി ബാന്റ് കെട്ടികൊടുക്കുകയും ആശയ വിനിമയം നടത്തുകയും ചെയ്യും.

2. ചിത്ര പ്രദർശനം
റെയിൽവേ ചൈൽഡ്‌ലൈന്റെയും ജെ.സി.ഐ.കാലിക്കറ്റിന്റെയും ആഭിമുഖ്യത്തിൽ 14 ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നു. വിവിധ സ്‌കൂളുകളിലെ കുട്ടികൾ വരച്ച ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

3. കുട്ടികൾക്കായുള്ള ക്വിസ് മത്സരം
15.09.2019 ന് വൈകീട്ട് 3.30 ന് സ്‌പെഷ്യൽ ജുവനൈൽ പൊലീസ് യുണിറ്റ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് എന്നിവയുമായി ചേർന്ന് കോഴിക്കോട് സിറ്റി പൊലീസ് ഡോർമെറ്ററിയിൽ വെച്ച് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 2 പേരടങ്ങുന്ന ടീം പങ്കെടുക്കുന്ന ക്വിസ് മത്സരം സംഘടിപ്പിക്കും

4. റൺ ഫോർ സേഫ് ചൈൽഡ്ഹുഡ്
കുട്ടികൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയുടെ 30-ാം വാർഷികത്തോടനുബന്ധിച്ച് നവംമ്പർ 20 കേരളത്തിലെ എല്ലാ ജില്ലകളിലും കൂട്ടയോട്ടം സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിൽ 20 ന് വൈകീട്ട് 4 മണിക്ക് ബീച്ച് പരിസരത്ത് ഗുജറാത്തി സ്‌കൂളിന് മുൻവശത്ത് നിന്നും ആരംഭിച്ച് ബീച്ച് ഓപ്പൺ സ്റ്റേജ് വഴി ഗുജറാത്തി സ്‌കൂളിന് മുൻവശത്തായി തന്നെ സമാപിക്കും . കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ജില്ലയിലെ വിവിധ ഉദ്യോഗസ്ഥർ, സിറ്റി പൊലീസ് പരിധിയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ചൈൽഡ് വെൽഫയർ പൊലീസ് ഓഫീസർമാർ, പാരാലീഗൽ വളണ്ടിയർമാർ, കോളേജ് വിദ്യാർഥികൾ , സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങി 250 ലധികം ആളുകൾ കൂട്ടയോട്ടത്തിൽ പങ്കാളികളാവും.