പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന നാല്പതാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ മത്സരങ്ങൾ അവസാനിച്ചത് പുലർച്ചെ രണ്ട് മണിക്ക്. രണ്ടാം ദിനം രാവിലെ 9.30ന് ആരംഭിക്കുമെന്നറിയിച്ചിരുന്നെങ്കിലും ഒരു മണിക്കൂർ വൈകിയാണ് വേദികൾ ഉണർന്നത്.
വിധി കർത്താക്കളും, മത്സരാർത്ഥികളും വൈകിയാണ് എത്തിയത്. കാണികളുടെ സാന്നിദ്ധ്യം മാത്രം കലോത്സവ നഗരിയിൽ നിറഞ്ഞു കാണാം.
വേദി മൂന്ന് കീർത്തി മന്ദിറിലെ മിമിക്രി മത്സരം മാത്രമാണ് കൃത്യമായി തുടങ്ങിയത്. വേദി ഒന്നിലും രണ്ടിലും നടത്താനിരുന്ന മത്സരങ്ങൾക്ക് മാറ്റം വരുത്തുകയും ചെയ്തു. ഇതോടെ രണ്ടാം ദിവസവും മത്സരങ്ങൾ പൂർത്തിയാവാൻ പാതിരാത്രിയാവുമെന്ന് ഉറപ്പായി. വൈകുന്നേരങ്ങളിൽ സദസ്സിനെ സമ്പന്നമാക്കി നാട്ടുകാർ ആസ്വാദകരായി എത്തുന്നുണ്ടങ്കിലും രാവിലെ ഒഴിഞ്ഞ കസേരകൾക്ക് മുമ്പിലാണ് പല മത്സരങ്ങളും നടന്നത്. രാവിലെ മുതൽ തന്നെ ഒരുങ്ങിനിൽക്കുന്ന കലാപ്രതിഭകൾ നിറം മങ്ങി, ഉറക്കച്ചടവോടെ വേദിയിലെത്തി കാണികൾ ഇല്ലാതെ കയ്യടി ഇല്ലാതെ മത്സരിച്ച് മടുപ്പോടെ ചുവടുവച്ചാണ് തിരിച്ചു പോകുന്നത്.