പടിഞ്ഞാറത്തറ: ശാരീരിക വൈകല്യം ജന്മനാ കീഴ്‌പ്പെടുത്തിയെങ്കിലും കലോൽസവം ഒഴിവാക്കാൻ മുഹമ്മദ് അനീസിന് തോന്നിയില്ല. ഉമ്മയാണ് അവന്റെ കാലുകൾ.കലയോടുള്ള ഇഷ്ടംകൊണ്ടുമാത്രമാണ് പടിഞ്ഞാറത്തറ ഗവൺമെന്റ് സ്‌കൂൾ അങ്കണത്തിലെ മുൻനിരയിൽ മുഹമ്മദ് അനീസ് ഇടം പിടിച്ചത്. പ്രസംഗിക്കാനും പാട്ടു പാടാനും ഇഷ്ടമാണ്. അതുകൊണ്ടാണ് കലോത്സവം കാണാൻ വന്നത്. ആഗ്രഹിക്കുന്ന ഇടത്തെല്ലാം കൊണ്ടുപോകുന്നത് ഉമ്മയാണ്. നടക്കാൻ ആവില്ലെന്ന കുറവ് തോന്നാറില്ല.
മദ്രസ അദ്ധ്യാപകൻ ഉമ്മറിന്റെയും, മൈമൂനയുടെയും മകനായ അനീസ് കുറുമ്പാല ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. സാമ്പത്തിക വെല്ലുവിളികൾ ഏറെയുള്ള കുടുംബമാണ് ഇവരുടേത്.