മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് പി എച്ച് സി ക്ക് സ്ഥലം അനുവദിച്ച സംസ്ഥാന സർക്കാരിനെയും അതിന് വേണ്ടി പ്രയത്നിച്ച ഒ.ആർ കേളു എം എൽ എക്കും നന്ദി അറിയിക്കുന്നതായി ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2016ൽ ആരംഭിച്ച പി എച്ച് സി ഇപ്പോഴും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തമായി സ്ഥലം ലഭ്യമല്ലാതിരുന്നതിനാൽ കെട്ടിട നിർമ്മാണത്തിനായി ഫണ്ടുകൾ ഒന്നും നീക്കിവെക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടായിരുന്നു. ഒരേക്കർ സ്ഥലം അനുവദിക്കുന്നതിനായി ആരോഗ്യ വകുപ്പ് സമർപ്പിച്ച പ്രൊപ്പോസൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി തള്ളുകയായിരുന്നു. ഈ ഫയൽ 80 സെന്റ് നിർദേശം ആക്കി വീണ്ടും സമർപ്പിക്കുകയും നിരന്തരം ഇടപ്പെടുകയും ചെയ്തതോടെയാണ് സ്ഥലം അനുവദിച്ചത്. വാളാടിന് വികസനത്തിന്റെ ഒരു നാഴിക കല്ലാണ് ഈ തീരുമാനം. 80 സെന്റ് സ്ഥലത്ത് വളരെ സൗകര്യപ്രദമായ രീതീയിൽ ആധുനിക സംവിധാനങ്ങളോട് കൂടിയുള്ള പി എച്ച് സി കെട്ടിടം നിർമ്മിക്കാൻ കഴിയും.ഇതിനായി എം എൽ എ യുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട്.

ഭൂമി ലഭിക്കുന്നതിന് വേണ്ടി സഹായിച്ച ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ് സംവിധാനങ്ങളെയും നന്ദി അറിയിക്കുന്നതായി പ്രസിഡന്റ് അനിഷ സുരേന്ദ്രൻ പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈമ മുരളീധരൻ, എൻ ജെ ഷജിത്ത്, ബാബു ഷജിൽ കുമാർ, ഷബിത എന്നിവരും സംബന്ധിച്ചു.