കൽപ്പറ്റ: ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിൽ ജില്ലയിലെ ആരോഗ്യസംവിധാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂട്ടായി പ്രവർത്തിക്കുന്നത് അഭിനന്ദനാർഹമെന്ന് ലോകാരോഗ്യ സംഘടനയുടെ ജോയിന്റ് മോണിറ്ററിംഗ് മിഷൻ സംഘം. രോഗ നിർമ്മാർജ്ജനത്തിൽ ഇത്തരമൊരു പ്രവർത്തനം വികസ്വര രാജ്യങ്ങളിൽ ആദ്യമാണെന്നും സംഘം അഭിപ്രായപ്പെട്ടു. മൂന്ന് ദിവസങ്ങളായി ജില്ലയിൽ നടത്തിയ പരിശോധന പൂർത്തി​യാക്കിയ ശേഷം ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളളയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

പബ്ലിക് ഹെൽത്ത് സ്‌പെഷലിസ്റ്റ് ആയ ഡോ.വിൽസൺ ലോയുടെ നേതൃത്വത്തിലുളള പന്ത്രണ്ട് അംഗ സംഘമാണ് ജില്ലയിൽ എത്തിയത്. രാജ്യത്തെ മറ്റൊരിടത്തും കാണാത്ത ഏകോപനമാണ് ഇവിടെയുളളത്. രോഗികളും ബന്ധുക്കളുമെല്ലാം ചികിത്സകളിൽ സംതൃപ്തരാണ്. ശരിയായ ബോധവത്കരണം മൂലം പൊതുജനങ്ങൾക്ക് ക്ഷയരോഗത്തെ കുറിച്ച് വ്യക്തമായ ധാരണയുളളതിനാൽ ആരോഗ്യപ്രവർത്തകരുടെ മുൻകരുതൽ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ഇവിടെ തയ്യാറാണ്. ചിലയിടങ്ങളിൽ രോഗികളുടെ താമസ സ്ഥലത്ത് നിന്നും ആസ്പത്രികളിലേക്ക് കൂടുതൽ ദൂരം സഞ്ചരിക്കുന്നത് ഒഴിവാക്കാൻ സജ്ജീകരണങ്ങളുളള കൂടുതൽ മൊബൈൽ യൂണിറ്റുകൾ ആവശ്യമാണെന്നും സംഘം വിലയിരുത്തി. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുളള നടപടികളും ഊർജ്ജിതപ്പെടണമെന്നും നിർദ്ദേശിച്ചു.

ക്ഷയരോഗ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വിദഗ്ധ സംഘമാണ് ജില്ലയിൽ സന്ദർശനം നടത്തി​യത്. നാല് ടീമുകളായി തിരിഞ്ഞാണ് സംഘം പരിശോധന നടത്തിയത്. ജില്ലയിലെ വിവിധ കോളനികൾക്ക് പുറമേ ജില്ലാ ആശുപത്രി, ജില്ലാ ടി.ബി സെന്റർ, ബത്തേരി താലൂക്ക് ആശുപത്രി, തൊണ്ടർനാട്, വെളളമുണ്ട, പൂതാടി, നൂൽപ്പുഴ, അമ്പലവയൽ,പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ആസ്പത്രികളായ വിംസ്, വിനായക എന്നിവടങ്ങളിലും സന്ദർശനം നടത്തി. രോഗികൾ, കൂട്ടിരിപ്പുകാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥൻമാർ എന്നിവരുമായും സംഘം ആശയവിനിമയം നടത്തിയിരുന്നു. ഡോ.രൂപക് സിംഗ്ല,ഡോ.അശ്വനി ഖന്ന, ഡോ.യാറ്റിൻ ഡോലാകിയ,ഡോ. ശോഭിനി രാജൻ, ഡോ.ജാമി ടോൻസിംഗ്,ഡോ. മനോജ് തോഷ്നിവാൾ,ഡോ.അൽമാസ് ഷമിം,ഡോ.രവീന്ദ്ര കുമാർ, ഡോ. ഹിമാൻഷു, ഡോ.പി.എസ് രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


1. ലോകാരോഗ്യ സംഘടന സംഘം കോളനികളിൽ സന്ദർശനം നടത്തുന്നു.
2. ലോകാരോഗ്യ സംഘടന സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച്ച നടത്തുന്നു.