കൽപ്പറ്റ: ജില്ലാതല പ്രൊബോഷൻ ദിനാചരണം പരിവർത്തനം ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവഹിക്കും. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.പി.സുനിത അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ജില്ലാ പൊലീസ് മോധാവി ആർ.കറപ്പസാമി എന്നിവർ മുഖ്യാതിഥികളായരിക്കും. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് മുഖ്യ പ്രഭാഷണം നടത്തും.
രാവിലെ 11 ന് നടക്കുന്ന കുറ്റകൃത്യം കുറയ്ക്കുന്നതിൽ പരിവർത്തന ശിക്ഷാരീതികളുടെ പങ്ക് എന്ന വിഷയത്തിൽ ചൈൽഡ് ലൈൻ പ്രൊജക്ട് ഡയറക്ടർ സി.കെ.ദിനേശനും പ്രൊബേഷൻ നിയമവും നേർവഴി പദ്ധതി എന്ന വിഷയത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസർ അഷ്റഫ് കാവിലും ക്ലാസ്സെടുക്കും. 12.30 ന് സാമൂഹ്യ പ്രതിരോധ മേഖലയിലെ പുനരധിവാസ പദ്ധതികൾ എന്ന വിഷയം പ്രൊബേഷൻ അസിസ്റ്റന്റ് കെ.തൽഹത്ത് അവതരിപ്പിക്കും. 2ന് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇതിഹാസം ഈ ജീവിതം ഡോക്യുമെന്ററി പ്രദർശിപ്പിക്കും.
22ന് ഉച്ചയ്ക്ക് 2 ന് മാനന്തവാടി ജില്ലാജയിലിൽ തടവുകാർക്കുള്ള ബോധവത്കരണം നടക്കും.കലാ സാഹിത്യ മത്സരങ്ങളും ഉണ്ടാകും. 26 ന് രാവിലെ 10 ന് വൈത്തിരി സബ് ജയിലിൽ തടവുകാർ, തടവുകാരുടെ ആശ്രിതർ, കുറ്റകൃത്യത്തിന് ഇരയായവർ എന്നിവർക്കുളള ധനസഹായ പദ്ധതികൾ പരിചയപ്പെടുത്തും. കലാസാഹിത്യ മത്സരങ്ങളും നടക്കും. 27 ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിൽ പോസ്റ്റർ പ്രദർശനം, എൻ.എസ്.എസ് വളണ്ടിയർമാർ വഴിയുള്ള ലഘുലേഖ വിതരണം എന്നിവ നടക്കും.
28ന് കോളേജ് വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മത്സരങ്ങൾ, കുറ്റകൃത്യങ്ങൾ സമൂഹം പൊതു ചർച്ച എന്നിവ രാവിലെ 10 മുതൽ മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ നടക്കും. 29ന് സുൽത്താൻബത്തേരി സെന്റർ ഫോർ പി.ജി. സ്റ്റഡീസ് ഇൻ സോഷ്യൽ വർക്ക് കേന്ദ്രത്തിൽ ഉച്ചയ്ക്ക് 2 ന് കുറ്റ കൃത്യങ്ങൾ തടയുന്നതിൽ വിദ്യാർത്ഥി സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സംവാദം നടക്കും. 30ന് ചെതലയം കാലിക്കറ്റ് സർവകലാശാല ട്രൈബൽ സ്റ്റഡി സെന്ററിൽ രാവിലെ 10 ന് കേരള പ്രൊബേഷൻ നയം അവതരണവും ചർച്ചയും നടക്കും. സാമൂഹ്യനീതി വകുപ്പ് , ജില്ലാ പ്രൊബേഷൻ ഓഫീസ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.