ക്ഷേമപദ്ധതി പെൻഷൻകാർ മസ്റ്ററിങ്ങ് നടത്തണം
കൽപ്പറ്റ: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലുൾപ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ക്ഷേമപദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാർബർ തൊഴിലാളി ക്ഷേമപദ്ധതി, കേരള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമപദ്ധതി എന്നിവയിൽ നിന്നും റിട്ടയർമെന്റ് പെൻഷൻ, അവശതാ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ തുടർന്നും പെൻഷൻ ലഭിക്കുന്നതിനായി നവംബർ 30 നകം അക്ഷയ കേന്ദ്രം മുഖാന്തരം ജീവൻരേഖ സോഫ്റ്റ്വെയർ വഴി മസ്റ്ററിങ്ങ് നടത്തണം. മസ്റ്ററിങ്ങിനായി പെൻഷൻ വാങ്ങുന്നവർ ആധാർ കാർഡ്, പെൻഷൻ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്ക് എന്നിവ സഹിതം അക്ഷയകേന്ദ്രവുമായി ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആൻഡ്ന്റ് ഡിജിറ്റൽ ഫിലിംമെക്കിംഗ്, ഡിപ്ലോമ ഇൻ വെബ് ഡിസൈൻ & ഡെവലപ്മെന്റസ്,തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോൺ. 04712325154,4016555.
വയനാടൻ രുചി
പരിശീലനം നടത്തി
കൽപ്പറ്റ: ഉത്തരവാദിത്ത ടൂറിസം മിഷന്റെ 'എക്സ്പീരിയൻസ് ദി എത്നിക് കുസീൻ' (വിനോദ സഞ്ചാരികൾക്കു സാധാരണക്കാരുടെ വീടുകളിൽ നാടൻ ഭക്ഷണം തയ്യാറാക്കി നൽകുന്ന പദ്ധതി ) രജിസ്റ്റർ ചെയ്തവർക്ക് പരിശീലനം നൽകി. വയനാടൻ രുചികൾ,വംശീയ ഭക്ഷണം എന്നിവ വിനോദസഞ്ചാരികൾക്കു കൂടി പരിചയപ്പെടുത്തുന്ന പദ്ധതിയുടെ പരിശീലനമാണ് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ വിനോദസഞ്ചാര വകുപ്പിന്റെ ഓഫീസിൽ രണ്ടു ഘട്ടമായി പൂർത്തിയായത്. പരിശീലനത്തിന്റെ ഉദ്ഘാടനം വിനോദസഞ്ചാരവകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ കെ.രാധാകൃഷ്ണൻ നിർവഹിച്ചു. അസിസ്റ്റന്റ് ടൂറിസം ഇൻഫർമേഷൻ ഓഫീസർ പി.സോയ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ വി.സലീം, ഉത്തരവാദിത്ത ടൂറിസം കോർഡിനേറ്റർ സിജോ മാനുവൽ എന്നിവർ സംസാരിച്ചു.
ഉത്തരവാദിത്ത ടൂറിസം മിഷൻ
രജിസ്ട്രേഷൻ തുടങ്ങി
കൽപ്പറ്റ: ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി എത്തുന്ന ടൂറിസ്റ്റുകൾക്ക് താമസ സൗകര്യം, ഭക്ഷണം എന്നിവ ഒരുക്കാൻ താത്പര്യമുള്ള അംഗീകൃത ഹോം സ്റ്റേകൾ, ഗൃഹസ്ഥലികൾ, സർവ്വീസ്ഡ് വില്ലകൾ, ടെന്റ് ക്യാമ്പുകൾ എന്നിവയ്ക്ക് നവംബർ 30 വരെ ഉത്തരവാദിത്ത ടൂറിസം മിഷനിൽ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തവർക്ക് വിവിധ പദ്ധതികളെ സംബന്ധിച്ച ക്ലാസുകൾ ഡിസംബർ 1 മുതൽ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഓർഡിനേറ്റർ കെ.രൂപേഷ് കുമാർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ 8547454647.
മത്സ്യത്തൊഴിലാളി പെൻഷൻകാർ
മസ്റ്ററിങ്ങ് നടത്തണം
കൽപ്പറ്റ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും വാർദ്ധക്യകാല പെൻഷൻ, അനുബന്ധത്തൊഴിലാളി പെൻഷൻ, വിധവ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ നവംബർ 30 നകം പെൻഷൻ പാസ്സ്ബുക്ക്, ബാങ്ക് പാസ്സ്ബുക്ക്, ആധാർ കാർഡ് എന്നിവയുമായി അക്ഷയകേന്ദ്രത്തിൽ നേരിട്ട് ഹാജരായി മസ്റ്ററിങ്ങ് നടത്തണം. ഇതിനായി അക്ഷയ സെന്ററിൽ ഫീസ് അടക്കേണ്ടതില്ല. മസ്റ്ററിങ്ങ് നടത്തിയ പെൻഷൻകാർക്ക് മാമ്രേ അടുത്ത ഗഡു പെൻഷൻ വിതരണം ഉണ്ടായിരിക്കുകയുള്ളൂ. ഇതിനകം ഫിഷറീസ് ഓഫീസുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച പെൻഷണർമാരും അക്ഷയ കേന്ദ്രത്തിൽ മസ്റ്ററിങ്ങ് നടത്തേണ്ടതാണ്. കിടപ്പുരോഗികളും, അവശരുമായ പെൻഷണർമാരുടെ വിവരം ബന്ധുക്കൾ അക്ഷയകേന്ദ്രത്തിൽ ഹാജരായി അറിയിക്കുന്നപക്ഷം അക്ഷയകേന്ദ്രത്തിൽ നിന്നും നേരിട്ട് മസ്റ്ററിങ്ങ് നടത്തുന്നതാണ്.ഇതിനായി അവശത അനുഭവിക്കുന്നവരെ അക്ഷയ കേന്ദ്രത്തിൽ എത്തിക്കേണ്ടതില്ല. ഡിസംബർ 1 മുതൽ 5 വരെയാണ് കിടപ്പു രോഗികൾക്കുളള മസ്റ്ററിംഗ് നടത്തുക.
അംഗത്വം പുതുക്കൽ
കൽപ്പറ്റ: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് സ്കാറ്റേർഡ് വിഭാഗം പദ്ധതിയിൽ അംഗത്വം പുതുക്കാൻ അവസരം നൽകുന്നു. അംശാദായ അടവിൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ക്ഷേമബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മേളകളിൽ പങ്കെടുത്ത് പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുനസ്ഥാപിക്കാം. നിലവിൽ ക്ഷേമബോർഡിൽ ചേർന്നിട്ടില്ലാത്ത തൊഴിലാളികൾക്ക് മേളയിൽ പങ്കെടുത്ത് അംഗത്വം എടുക്കാവുന്നതാണ്. മേളകൾ നടക്കുന്ന സ്ഥലവും തീയ്യതിയും ക്രമത്തിൽ നവംബർ 15ന് സുൽത്താൻ ബത്തേരി ഉപകാര്യാലയം, 18 ന് കൽപ്പറ്റ, 21ന് മീനങ്ങാടി ഉപകാര്യാലയം, 23ന് കണിയാമ്പറ്റ ഉപകാര്യാലയം, 26ന് പുൽപ്പള്ളി, 28ന് മാനന്തവാടി. സമയം രാവിലെ 10 മണി മുതൽ 2 മണി വരെ. ഫോൺ 04936204344.
കോളിംഗ് ബെൽ വാരാചരണം
കൽപ്പറ്റ: കോളിംഗ് ബെൽ സർവ്വേയിലൂടെ കണ്ടെത്തിയ 851 അശരണർക്കായി സ്നേഹിത കോളിംഗ് ബെൽ വാരാചരണം സംഘടിപ്പിക്കുന്നു. ആരും ഒറ്റക്കല്ല, സമൂഹം കൂടെയുണ്ട് എന്ന സന്ദേശവുമായി മന്ത്രിമാർ,എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ നവംബർ 15 മുതൽ 21 വരെ അവരുടെ ഭവനങ്ങൾ സന്ദർശിച്ച് പിന്തുണ ഉറപ്പ് വരുത്തും. വാരാചരണത്തിന്റെ ഭാഗമായി അയൽക്കൂട്ടങ്ങൾ പ്രത്യേക യോഗങ്ങൾ വിളിച്ച് പ്രതിജ്ഞ എടുക്കുകയും ഗുണഭോക്താക്കളെ സന്ദർശിച്ച് സഹായങ്ങൾ നൽകുകയും ചെയ്യും.
ബയോമെട്രിക്ക് മസ്റ്ററിംഗ്
കൽപ്പറ്റ: എടവക ഗ്രാമ പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുുന്ന കിടപ്പ് രോഗികളല്ലാത്ത ഗുണഭോക്താക്കൾ നവംബർ 30 ന് മുമ്പായി അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ അനുവദിക്കുന്നതല്ല. കിടപ്പ് രോഗികളുടെ മസ്റ്ററിംഗ് അക്ഷയ കേന്ദ്രം പ്രതിനിധികൾ ഡിസംബർ 1 മുതൽ ഡിസംബർ 5 വരെ വീട്ടിൽ വന്ന് ചെയ്യുന്നതാണ്. മസ്റ്ററിംഗ് ആവശ്യമുള്ള രോഗികളെ സംബന്ധിച്ച വിവരങ്ങൾ അവരുടെ കുടുംബാംഗം നവംബർ 29ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
മരമുത്തശ്ശി:
നോമിനേഷൻ ക്ഷണിച്ചു
കൽപ്പറ്റ: ജില്ലയിലെ പ്രായം കൂടിയ മരത്തെ മരമുത്തശ്ശിയായി പ്രഖ്യാപിക്കുന്നതിനുള്ള നോമിനേഷനുകൾ ക്ഷണിച്ചു. നോമിനേഷനുകൾ നവംബർ 22ന് മുമ്പായി കൽപ്പറ്റ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസി. കൺസർവേറ്ററുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ 04936 202623.
സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കൽപ്പറ്റ: ശുചീകരണ തൊഴിലുകൾ/വൃത്തിഹീന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരോ 1997 വരെ ഏർപ്പെട്ടിരുന്നതുമായവരുടെ മക്കൾക്ക് 201920 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾക്കൊപ്പം തൊഴിൽ, കുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത, ആധാർ, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം നവംബർ 30 ന് 5 മണിയ്ക്ക് മുമ്പായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ 04936 203824.
ബാലാവകാശ വാരാചരണം തുടങ്ങി
കൽപ്പറ്റ: ചൈൽഡ്ലൈൻ പദ്ധതിയുടെ ഭാഗമായി ശിശുദിനം മുതൽ അന്താരാഷ്ട്ര ബാലാവകാശ ദിനമായ നവംബർ 20 വരെ നടക്കുന്ന ബാലാവകാശ വാരാചരണത്തിന് ജില്ലയിൽ തുടക്കമായി. വിവിധ വിദ്യാലയങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ജില്ലയിലെ ബാല സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജന പ്രതിനിധികളേയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചു. ആദ്യദിനം ജില്ലാ കലക്ടർ ഡോ. അദീല അബ്ദുളള, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത, ജില്ലാ ബാല നീതി പൊലീസ് നോഡൽ ഓഫീസർ വി.പി സുരേന്ദ്രൻ, ജില്ലാ ചൈൽഡ് ലൈൻ കേന്ദ്രം ഡയറക്ടർ സി. കെ.ദിനേശൻ എന്നിവരെ നേരിൽ കണ്ട് അവരുടെ ആശങ്കകളും, പ്രതീക്ഷകളും, ആഗ്രഹങ്ങളും പങ്കുവെച്ചു. ഇക്കാര്യങ്ങളിൽ അടിയന്തിര പരിഹാരങ്ങൾ കാണുന്നതിന് പ്രവർത്തിക്കുമെന്നും ജില്ലാതലത്തിൽ ഇതിനായി ഒരു കർമ്മ പദ്ധതി തയ്യാറാക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ചൈൽഡ്ലൈൻ കോ ഓഡിനേറ്റർ ജിനോയ് അലക്സാണ്ടർ , കൗൺസിലർ അനിഷ ജോസ്, ടീം അംഗങ്ങളായ സതീഷ് കുമാർ പി.വി, അഭിഷേക് കെ. എസ്, മുനീർ കെ.പി,ഗൗരി വി.കെ എന്നിവർ നേതൃത്വം നല്കി.