uapa

കോഴിക്കോട്: യു.എ.പി.എ കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന അലൻ ഷുഹൈബും താഹ ഫസലും തങ്ങളെ സി.പി.എമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പറയുമ്പോഴും അങ്ങനെ നടപടിയെടുത്തിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

ഇന്നലെ രാവിലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ തിരികെ പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിലാണ് തങ്ങളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന് ഇരുവരും മാദ്ധ്യമപ്രവർത്തകരോട് ഉച്ചത്തിൽ പറഞ്ഞത്. രേഖാമൂലമാണ് അറിയിപ്പെന്നും എന്നാലും പാർട്ടി കൂടെ നിൽക്കുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.എന്നാൽ അറസ്റ്റിലായവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയോ സസ്പെൻഡ് ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ വ്യക്തമാക്കി. പ്രഖ്യാപിത ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നതിനാൽ ഒരു അംഗത്തെ പുറത്താക്കും മുമ്പ് അവരിൽ നിന്ന് വിശദീകരണം തേടേണ്ടതുണ്ട്. ഇവർ അറസ്റ്റിലായതിനു ശേഷമാണ് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാർട്ടി കണ്ടെത്തിയത്. അതുകൊണ്ട് വിശദീകരണം തേടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.