വടകര: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് കത്ത് ലഭിച്ചത്. 'സാധാരണക്കാർക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവച്ചു കൊന്ന കേരള മുഖ്യനുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കു'മെന്ന മുന്നറിയിപ്പോടെ അവസാനിക്കുന്ന കത്തിൽ അർബൻ ആക്‌ഷൻ ടീമിനു വേണ്ടി പശ്ചിമഘട്ട കബനീദള ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദർ റുസ്സാം എന്ന പേരുണ്ട്. പേരാമ്പ്ര എസ്.ഐ ഹരീഷിന് എതിരെയും കത്തിൽ ഭീഷണിയുണ്ട്.
എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നു തുടങ്ങുന്ന കത്തിൽ, സാധാരണ ജനങ്ങളുടെ നികുതിപ്പണം വാങ്ങി സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതയ്ക്കാൻ ഭരണഘടനയുടെ ഏതു വകുപ്പാണ് അനുവദിക്കുന്നതെന്നാണ് ചോദ്യം. ഈ നരാധമനെ അർബൻ ആക്‌ഷൻ ടീം കാണേണ്ടതു പോലെ വൈകാതെ കാണുമെന്ന് മുന്നറിയിപ്പുണ്ട്.
നവംബർ ആറിന് എഴുതിയ കത്തിലെ പോസ്റ്റൽ സീ? ചെമ്മരത്തൂർ ആണോ ചെറുവത്തൂർ ആണോ എന്നു വ്യക്തമല്ല. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.