കൽപ്പറ്റ: ജില്ലയിൽ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകതയാണ്. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ഘട്ടങ്ങൾ, ക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൽ, സോഫ്റ്റ്ലാൻഡിംഗ് എന്നിവ ഉൾപ്പെട്ട കമ്പ്യൂട്ടർ ഗെയിം വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയ്യാറാക്കും. ആനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകൾ റ്റുപിട്യൂബ് ഡെസ്ക് എന്ന സോഫ്റ്റ്‌വെയറിൽ തയ്യാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് ജില്ലയിലെ 76 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലായി 2178 അംഗങ്ങളാണുള്ളത്. യൂണിറ്റുകളിൽ നടന്ന സ്‌കൂൾതല ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത 600 കുട്ടികൾ ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കും. ഒരു യൂണിറ്റിൽ നിന്ന് പ്രോഗ്രാമിംഗിനും അനിമേഷനും നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്. 3 കേന്ദ്രങ്ങളിലാണ് ദ്വിദിന ക്യാമ്പുകൾ നവബർ 16 മുതൽ തുടങ്ങുന്നത്.
ആൻഡ്രോയ്ഡ് ആപ്പുകൾ തയ്യാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്സ് സോഫ്റ്റ്‌വെയറായ 'ആപ്പ് ഇൻവെന്റർ' ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, ടോർച്ച് ആപ്പ് എന്നിവയുടെ നിർമ്മാണം, ത്രീഡി അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെൻഡർ, റ്റുഡി അനിമേഷൻ സോഫ്റ്റ്‌വെയറായ റ്റുപിട്യൂബ് ഡെസ്‌ക് എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, സൈബർസുരക്ഷ സംബന്ധിച്ച ചർച്ചകൾ അവതരണങ്ങൾ എന്നിവയാണ് ദ്വിദിന പരിശീലന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകൾ.