സുൽത്താൻ ബത്തേരി: രാത്രിയാത്രാ നിരോധന കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദൽപാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം ഫയൽ ചെയ്തത് കേരളാ സർക്കാറിന്റെ ജാഗ്രതക്കുറവ് മൂലമാണെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റെയിൽവേ ആക്‌ഷൻ കമ്മിറ്റി ആരോപിച്ചു. ഗതാഗത മന്ത്രാലയവുമായി ചർച്ച നടത്തി സത്യവാങ്മൂലം കേരളത്തിന് അനുകൂലമാക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിക്കുമെന്നു പറയുന്ന കമ്മിറ്റിയെ നിയോഗിക്കാനോ, കർണ്ണാടകയുമായി ചർച്ച നടത്താനോ കേരളാ ഗവൺമെന്റ് ഒന്നും ചെയ്യുന്നില്ല.
നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത അട്ടിമറിച്ചതുപോലെ രാത്രിയാത്രാ നിരോധനകേസും അട്ടിമറിച്ച് കണ്ണൂർ വിമാനത്താവളത്തിന് അനുയോജ്യമായ രീതിയിൽ ഗോണിക്കുപ്പ വഴിയുള്ള ബദൽപാത വികസിപ്പിക്കാൻ ഒരു ലോബി സജീവമായി ശ്രമിക്കുന്നതായി ആക്ഷൻ കമ്മിറ്റി പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നിട്ടും സംസ്ഥാനത്തിന്റെ കേസ്സ് നടത്തിപ്പ് സംവിധാനത്തിൽ ഗുരുതരമായ പിഴവുകൾ വരുന്നു. നിയമസഭ പാസ്സാക്കിയ പ്രമേയംപോലും സുപ്രീംകോടതിയിൽ ഹാജരാക്കാനായില്ല. ഇന്നലെ സുപ്രീംകോടതിയിൽ ബദൽപാത അംഗീകരിക്കില്ലെന്നോ, നിലവിലെ പാത പൂർണ്ണമായും തുറക്കണമെന്നോ കേരള സർക്കാറിന്‌വേണ്ടി വാദിക്കാൻ ആളുണ്ടായില്ല. യാഥാർത്ഥ്യ ബോധത്തോടെ കേസ്സിനെ സമീപിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നീലഗിരി-വയനാട് എൻ.എച്ച് & റയിൽവേ ആക്ഷൻ കമ്മിറ്റിക്കുവേണ്ടി സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകൻ റിട്ട.ജസ്റ്റിസ് പി.എൻ.രവീന്ദ്രൻ, അഡ്വ:പി.എസ്.സുധീർ എന്നിവർ ഹാജരായി.
അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാൽ, പി.വൈ.മത്തായി,ജോസ് കപ്യാർമല, സംഷാദ്,ജേക്കബ് ബത്തേരി, സി.അബ്ദുൾ റസാഖ്, പി.എം.ഇസ്മായിൽ, അനിൽ എന്നിവർ പ്രസംഗിച്ചു.