766 -ന് ബദലായി മാനന്തവാടി, മൈസൂർറോഡ് ഉപയോഗിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം
സുൽത്താൻ ബത്തേരി: ദേശീയപാത നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ ഇന്നലെ നടക്കാനിരുന്ന കേസ് ആറാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സമർപ്പിച്ച സത്യവാങ്ങ്മൂലത്തിന് അഭിപ്രായം അറിയിക്കാൻ കോടതി ആറാഴ്ചകൂടി സമയം അനുവദിക്കുകയാണുണ്ടായത്.
കോടതിയിൽ കേസ് പരിഗണിക്കാനിരിക്കെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മാനന്തവാടി, മൈസൂർറോഡ് ദേശീയപാതയുടെ നിലവാരത്തിലേക്ക് ഉയർത്തി 766 -ന് ബദലായി ഉപയോഗിക്കാമെന്നും, ഈ പ്രവർത്തനങ്ങൾ കേരളവും കർണാടകയും നിർവ്വഹിക്കണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ ഇന്നലെ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോൾ കേന്ദ്രം നൽകിയ നിർദേശത്തിന് വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കേരളം ആറ് ആഴ്ച സമയം ആവശ്യപ്പെടുകയായിരുന്നു.
കേരളത്തിന്‌വേണ്ടി പ്രശസ്ത അഭിഭാഷകരായ പ്രശാന്ത് ഭൂഷൻ, കപിൽസിബൽ, ജയ്ദീപ്ഗുപത എന്നിവരാണ് ഹാജരായത്.
കഴിഞ്ഞ മാസം കേസ് പരിഗണിക്കാനിരിക്കെയാണ് ആദ്യം നാലാഴ്ചത്തേയ്ക്ക് സമയം നീട്ടിവെച്ചത്. സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ സത്യവാങ്ങ്മൂലത്തിന് മറ്റ് കക്ഷികളുടെ അഭിപ്രായം അറിയിക്കാൻ വീണ്ടും ആറാഴ്ചത്തേക്ക് സമയം അനുവദിച്ചത്.
രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് നിലവിലുള്ള പാത പൂർണമായും അടയ്ക്കുന്നതുമായും ബദൽപാതയെപ്പറ്റി പഠിച്ച് നാലാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നേരത്തെ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞ മാസം അവസാനിച്ചിരിക്കെയാണ് വീണ്ടും നാലാഴ്ചത്തേക്ക് മാറ്റിവെച്ചു.അതിന്റെ കാലാവധി ഇന്നലെ കഴിഞ്ഞതോടെയാണ് കേസ് വീണ്ടും ആറാഴ്ചത്തേക്ക് മാറ്റിവെച്ചത്.
റോഡ് അടയ്ക്കുന്നതിനെതിരെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറിനെയും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻഗഡ്ഗരിയേയും മുഖ്യമന്ത്രിയും, ബി.ജെ.പി.ദേശീയ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണദാസും ഉൾപ്പെടെയുള്ള സംഘം കണ്ടിരുന്നു.യാത്രാ നിരോധനത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു.
വയനാട്ടിലും കർണാടകയിലെ ഗുണ്ടൽപേട്ടയിലും റോഡ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങളാണ് നടന്നത്. ബത്തേരിയിൽ തുടർച്ചയായ പന്ത്രണ്ട് ദിവസം യുവാക്കൾ നടത്തിയ നിരാഹാര സമരത്തിന് ഐക്യദാർഢ്യവുമായി രണ്ടര ലക്ഷത്തിൽപ്പരംപേരാണ് നിരാഹാര പന്തലിലെത്തിയത്.