കൽപ്പറ്റ: ദേശീയപാതയിലെ രാത്രിയാത്രാ വിഷയത്തിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നതിന് മുമ്പ് ആക്‌ഷൻ കമ്മിറ്റിയുടെ അഭിഭാഷക ഫോറവുമായി ചർച്ചയ്ക്ക് അവസരമൊരുക്കുമെന്ന് സി.കെ ശശീന്ദ്രൻ എംഎൽഎ അറിയിച്ചു. ഇതുസംബന്ധിച്ച് സർക്കാർതലത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച സുപ്രീംകോടതിയിൽ താൻ നിയോഗിച്ച മുതിർന്ന അഭിഭാഷകൻ പ്രശാന്ത്ഭൂഷൻ ഹാജരായിരുന്നു. വയനാടിന്റെ യാത്രാപ്രശ്നം വീണ്ടും ഉന്നയിക്കാൻ അവസരം തരുമെന്ന് കോടതി ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ സത്യവാങ്മൂലം സംസ്ഥാന സർക്കാർ സമർപ്പിക്കും. വയനാട്ടിലെ ആക്ഷൻ കമ്മിറ്റി നിയമനടപടികൾക്കായി അഭിഭാഷക സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഈ സംഘത്തിന് പറയാനുള്ളതുകൂടി ഉൾപ്പെടുത്തിയായിരിക്കും സംസ്ഥാനം സത്യവാങ്മൂലം സമർപ്പിക്കുകയെന്നും എംഎൽഎ അറിയിച്ചു.