സുൽത്താൻ ബത്തേരി: ദേശീയ പാത 766ലെ യാത്ര നിരോധനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ചീഫ് എഞ്ചിനീയർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഈ വിഷയത്തിൽ ഫലപ്രദമായ ഇടപെടലുകൾ സംസ്ഥാന കേന്ദ്ര ഗവൺമെന്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. മൂന്നംഗ വിദഗ്ധ സമിതിയെ കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടി നിശ്ചയിക്കുമെന്ന് പറഞ്ഞത് നടപ്പാക്കിയിട്ടില്ല.
എൻ.എച്ച് 766അടയ്ക്കുന്നതിന് വേണ്ടി ഒരു ഗൂഢശക്തി പ്രവർത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് കാര്യങ്ങളിൽ ഒരു മാറ്റവുമില്ലാത്തത്. 766 ന്റെ ബദൽ പാതയായി തലശ്ശേരി ബാവലി, കാട്ടിക്കുളം തോൽപ്പെട്ടി റോഡുകൾ അംഗീകരിക്കാൻ കഴിയില്ല. കിലോമീറ്ററുകൾ യാത്ര ചെയ്ത് കർണ്ണാടകയിൽ എത്തുകയെന്നത് പ്രയാസകരമാണ്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിലപാട് നിർണ്ണായകമാണ്. വസ്തുതകൾ കോടതിയെ ധരിപ്പിക്കുവാൻ കേന്ദ്രവും കേരളവും ഇനിയെങ്കിലും തയ്യാറാകണം.
ഈ വിഷയത്തിൽ തുടർ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് കർഷക മുന്നണിയുടെ നേതൃത്വത്തിൽ സ്വതന്ത്ര കർഷക സംഘടനകളുടെയും മറ്റ് സംഘടന പ്രതിനിധികളുടെയും യോഗം 18ന് തിങ്കളാഴ്ച്ച 2:30 ന് ബത്തേരി കാർഷിക പുരോഗമന സമിതി ഓഫീസിൽ ചേരും.