അനങ്ങാത്തത് സാഗര്‍മാല പദ്ധതിയിലെ പാത
നഗരത്തിൽ 18.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിൽ
400 കോടി ചിലവ്
പാഴാവുന്നത് ആകാശപാതയ്ക്ക് അനുവദി ലഭിച്ച പദ്ധതി
കോഴിക്കോട് : തുറമുഖ വികസനത്തിനും ജില്ലയിലെ വാണിജ്യ, വ്യവസായ, വിനോദസഞ്ചാര മേഖലയ്ക്കും ഉണര്‍വേകുമെന്ന് പ്രതീക്ഷിച്ച ബേപ്പൂര്‍- മലാപ്പറമ്പ് നാലുവരിപ്പാത കടലാസിലൊതുങ്ങുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയം അനുമതി നല്‍കിയ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാറോ ദേശീയപാതാ അതോറിറ്റിയോ മുന്‍കൈ എടുക്കാത്തതാണ് തടസമാകുന്നത്.
എം.കെ രാഘവന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു സാഗര്‍മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മലാപ്പറമ്പ് നാലുവരിപ്പാതക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അംഗീകാരം നല്‍കിയത്. ദേശീയപാത 66 മായും ദേശീയപാത 766 മായും ബന്ധിപ്പിക്കുന്ന രീതിയിലായിരുന്നു ബേപ്പൂര്‍ മലാപ്പറമ്പ് നാലുവരിപ്പാത. ബേപ്പൂര്‍ തുറമുഖം മുതല്‍ മലാപ്പറമ്പ് ദേശീയപാതാ ജങ്ഷന്‍വരെ 18.4 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് നാലുവരി പ്പാതയ്ക്കുണ്ടാവുക. ബീച്ചില്‍നിന്ന് ആരംഭിച്ച് എരഞ്ഞിപ്പാലംവരെ 2.9 കിലോമീറ്റര്‍ ദൈര്‍ഘത്തിലുള്ള നാലുവരി മേല്‍പ്പാലം ഉള്‍പ്പെടെയാണിത്. നാനൂറ് കോടിരൂപയായിരുന്നു പദ്ധതിയുടെ പ്രതീക്ഷിത ചെലവ്. ഭൂമി ഏറ്റെടുക്കാന്‍ പ്രയാസമുള്ള ഭാഗങ്ങളില്‍ ആകാശപാത സ്വീകരിക്കുന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിക്കു സമര്‍പ്പിച്ച നിര്‍ദേശത്തില്‍ എം.കെ. രാഘവന്‍ എം.പി ആവശ്യപ്പെട്ടത്.
2017 ല്‍ നിര്‍ദ്ദേശം വെച്ച് പദ്ധതിക്ക് 2018 ലായിരുന്നു കേന്ദ്ര ഗതാഗത മന്ത്രാലയത്തിൻെറ അനുമതി ലഭിക്കുന്നത്. പദ്ധതി അംഗീകരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാനുള്ള നിര്‍ദ്ദേശങ്ങളോ മറ്റു അറിയിപ്പുകളോ ഒന്നും ലഭിച്ചില്ലെന്നാണ് ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ ഓഫീസ് നല്‍കുന്ന മറുപടി. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന് കീഴില്‍ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കേണ്ടത്.
പദ്ധതി കോഴിക്കോട് നഗരത്തിന് ഏറെ ഗുണകരമാവുമെങ്കിലും ഭൂമി ഏറ്റെടുക്കലാണ് കീറാമുട്ടിയായുളളത്. പദ്ധതി കേന്ദ്രത്തിന്റെതാണെങ്കിലും ഭൂമി ഏറ്റെടുക്കാനുള്ള ബാദ്ധ്യത സംസ്ഥാന സര്‍ക്കാറിനാണ്. ഗോത്വീശ്വരം, പയ്യാനക്കല്‍ തുടങ്ങിയ തീരദേശ മേഖലകളിലാണ് ഭൂമി ഏറ്റെടുക്കല്‍ പ്രയാസമായി വരിക. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ പ്രയാസമാകുന്ന സ്ഥലങ്ങളില്‍ ആകാശപ്പാതക്കുള്ള അനുമതി ഉള്‍പ്പടെ ലഭിച്ച പദ്ധതിയാണിത്.