കോഴിക്കോട്: ഗുണനിലവാരമുള്ളതും മൂല്യാധിഷ്ഠിതവുമായ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് ദേശീയ വിദ്യാഭ്യാസ മോണിറ്ററിംഗ് കമ്മറ്റി അംഗം എ. വിനോദ് അഭിപ്രായപ്പെട്ടു.
ഭാരതീയ വിദ്യാനികേതനും ചിന്മയ വിദ്യാലയവും സംയുക്തമായി ദേശീയ വിദ്യാഭ്യാസ നയം 2019 - കേരളത്തെ അധികരിച്ച് ഒരു പഠനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അറിവിന്റെയും തൊഴിലിന്റെയും രംഗത്ത് ലോകമെങ്ങും വലിയമാറ്റങ്ങളാണ് സംഭവിക്കുന്നത്. കൂടുതൽ അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും ഉയർന്നുവരികയാണ്. ലോകത്ത് അടുത്ത പത്തുവർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ അഭ്യസ്ത വിദ്യരായ യുവാക്കളെ തയ്യാറാക്കുക ഭാരതമായിരിക്കും. ആധുനിക വിദ്യാഭ്യാസത്തിനൊപ്പം നമ്മുടെ പൈതൃകമായ അറിവുകളെയും ആധുനികവൽക്കരിച്ച് വിവിധ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാൻ നമുക്ക് കഴിയണം.
ജനസംഖ്യാ വർദ്ധനവ്, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥ വ്യതിയാനം എന്നിവ ലോകം നേരിടുന്ന വലിയ വെല്ലുവിളികളാണ്. ഭാരതത്തിലെ കൊച്ചു കൊച്ചു ഗ്രാമങ്ങളിലെ നാട്ടറിവുകളും അനുഭവ സമ്പത്തുകളും ആധുനിക വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കാൻ കഴിയണം. ദേശീയ കാഴ്ചപ്പാടുള്ള പാഠ്യപദ്ധതിക്കൊപ്പം പ്രാദേശിക - പരമ്പരാഗത അറിവുകളും അതിൽ സന്നിവേശിപ്പിക്കണം. കലയ്ക്കും മാനവിക വിഷയങ്ങൾക്കും നമ്മുടെ ദാർശനിക ശാസ്ത്രങ്ങൾക്കും മനുഷ്യജീവിതത്തിലുള്ള മഹത്തായപങ്കും പരിഗണിക്കുന്ന പഠനസമീപനമാണ് മുന്നോട്ടു വയ്ക്കുന്നത്.അദ്ദേഹം കൂട്ടിച്ചേർത്തു.
ചിന്മയാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ തിരൂർ ഗവ. ആർട്സ് കോളേജ് റിട്ട. പ്രിൻസിപ്പൽ ഡോ.സി.സി. ദാമോദരൻ അദ്ധ്യക്ഷനായി. ഡോ. എം.വി. നടേശൻ, ഡോ. രാജേശ്വരി കുഞ്ഞമ്മ, ഡോ.ടി.വി. മുരളിവല്ലഭൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് ഡോ. സുമതി ഹരിദാസ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, പി. നന്ദനൻ, എം. മാധവൻ, നീലേശ്വരം ഭാസ്‌കരൻ, ബാലഗോപാലൻ പായിച്ചേരി, സി.പി.ജി. രാജഗോപാൽ, അഡ്വ,പി. ജയഭാനു എന്നിവർ സംസാരിച്ചു.