13 ഏക്കർ പാടത്ത് 48 നാടൻ ഇനങ്ങളുടെ നെൽകൃഷി

മാനന്തവാടി: ഇന്ത്യയിലെ തന്നെ ഏറ്റവും വൈവിധ്യമാർന്നതും വ്യത്യസ്തമായതുമായ നാടൻ നെൽവിത്തുകൾ ഉപയോഗിച്ചുള്ള ജൈവ നെൽകൃഷിയുടെ പ്രദർശനം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം അടുമാരി പാടശേഖരത്ത് ആരംഭിച്ചു. വയലുകളുടെ നാടായ വയനാട്ടിൽ നിന്ന് നെൽകൃഷി അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജൈവ നെൽകൃഷി പോത്സാഹിപ്പിക്കുന്നതിനും നാടൻ നെൽവിത്തുകളുടെ പ്രാധാന്യം പൊതുജനത്തിന് മനസ്സിലാക്കി കൊടുക്കുന്നതിനുമായി കർഷകരായ കെ ലെനീഷ്, ടി വി ജയകൃഷ്ണൻ, സി എസ് സുരജ് എന്നിവർ ചേർന്ന് 48 നാടൻ നെൽവിത്തുകൾ ഉപയോഗിച്ചുള്ള നെൽകൃഷിയുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

പണ്ട് ജില്ലയിൽ സുലഭമായിരുന്നതും അന്യം നിന്ന് പോയതുമായ വലിയ ചെന്നല്ല്, മുള്ളൻ കയ്മ, ജീരകശാല, കണ്ണി ചെന്നല്ല്, കോതണ്ട, തൊണ്ടി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള കമുങ്ങിൻ പൂത്താല, കരിഞ്ചൻ, പള്ളിയാരൻ, രക്തശാലി, ഒറീസയിൽ നിന്നുള്ള കാകിശാല, ചത്തീസ്ഗഡിൽ നിന്നുള്ള രംലി, അസമിൽ നിന്നുള്ള അസം ബ്ളാക്ക്, ബംഗാളിൽ നിന്നുള്ള ബസുമതി നാഗിണ, തായ്ലാന്റിൽ നിന്നുള്ള ബ്ളാക്ക് ജാസ്മിൻ, റെഡ് ജാസ്മിൻ, വൈറ്റ് ജാസ്മിൻ, മ്യാൻമറിൽ നിന്നുള്ള ബർമ്മ ബ്ളാക്ക് ലോകത്തിലെ ഏറ്റവും ചെറിയ അരി ലഭിക്കുന്ന ബംഗാളിൽ നിന്നുള്ള തുളസി ബോഗ് തുടങ്ങിയ വിത്തുകൾ ഉപയോഗിച്ചുള്ള നെൽകൃഷിയാണ് 13 ഏക്കർ പാട്ടത്തിനെടുത്ത പാടത്ത് ഒരുക്കിയിരിക്കുന്നത്.

ഏറെ ഔഷധ മൂല്യം ഉള്ള വിത്തുകൾ ഉപയോഗിച്ചുള്ള നെൽകൃഷി കർഷകരെ പരിചയപ്പെടുത്തുകയാണ് പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലെനിഷ് പറഞ്ഞു. നെൽകൃഷിക്ക് അനുയോജ്യമായ വയൽ ഏറെയുണ്ട്. എന്നാൽ കൃഷി ചെയ്യുന്നതിനുള്ള ചെലവ് കൂടിയതും തൊഴിലാളികളെ കിട്ടാത്തും വന്യമൃഗശല്യവും കാരണം കർഷകർ നെൽകൃഷിയിൽ നിന്ന് പിന്തിരിയുന്ന കാലഘട്ടത്തിലാണ് ഏറെ ത്യാഗം സഹിച്ച് ഈ യുവ കർഷകർ വലിയൊരു സംരംഭവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അരി വാങ്ങാനും ഈ വ്യത്യസ്തമാർന്ന കൃഷിയിലെ അരി ഉപയോഗിച്ചുള്ള ഔഷധ ഗുണമുള്ളതും നിരവധി രോഗങ്ങൾക്ക് പ്രതിവിധിയുമായ ഉൽപന്നങ്ങൾ വാങ്ങുന്നതിനും ഈ മാസം 25 വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്‌