@ മീഞ്ചന്ത-അരീക്കാട്, മാങ്കാവ്, ചെറുവണ്ണൂർ ഫ്‌ളൈ ഓവറുകൾ വരും
കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കുകൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ കൈകോർത്തു.
പ്രവർത്തനങ്ങൾക്ക് ഏകോപനം കൊണ്ടുവരുന്നതിനായി എം.കെ രാഘവൻ എം.പി, വികെസി മമ്മദ് കോയ എം.എൽ.എ, എം.കെ മുനീർ എം.എൽ.എ എന്നിവർ യോഗം ചേർന്നു. പി.ഡബ്ല്യു.ഡി(എൻ.എച്ച്) എക്‌സിക്യുട്ടീവ് എൻജിനീയർ വിനയരാജ് കെ, അസിസ്റ്റൻറ് എക്‌സിക്യുട്ടീവ് എൻജിനീയർ ബൈജു പി.ബി തുടങ്ങിയവരോടൊപ്പം മറ്റ് ഉദ്യോഗസ്ഥരും ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളും വളരെ തിരക്കേറിയതുമായ മീഞ്ചന്ത-അരീക്കാട്, ചെറുവണ്ണൂർ, മാങ്കാവ് എന്നിവിടങ്ങളിൽ ഫ്‌ളൈ ഓവാറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ചാണ് ചർച്ച ചെയ്തത്.
നേരത്തെ ആവശ്യപ്പെട്ട പ്രകാരം, ഇതിന്മേൽ ചിലവും, വിശദവിവരങ്ങളുമടങ്ങിയ പ്രൊജക്ട് റിപ്പോർട്ട് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് നൽകി.
350.10 മീറ്റർ നീളംവരുന്ന ഫ്‌ളൈ ഓവർ സ്ഥാപിക്കുന്നതിനായ് ഭൂമിയേറ്റെടുക്കൽ ആവശ്യമില്ലാത്ത എരഞ്ഞിപ്പാലവുമായി ബന്ധപ്പെട്ട പ്രൊജക്ട് എം.കെ രാഘവൻ എം.പി മുൻപ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് മുമ്പാകെ സമർപ്പിച്ചിരുന്നു. ഇതിന്റെ ചിലവ് ഏകദേശം 38.89 കോടി രൂപയായാണ് കണക്കാക്കുന്നത്.
# കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കും
ഉപരിതല മന്ത്രാലയത്തിന് മുൻപാകെയുള്ള എം.കെ രാഘവൻ എം.പിയുടെ പദ്ധതി നിർദ്ദേശത്തിന് പുറമെയുള്ള മറ്റ് മൂന്നിടങ്ങളിലെ ഫ്‌ളൈ ഓവർ നിർമാണം സെൻറ്രൽ റോഡ് ഫണ്ട് (സി.ആർ.എഫ്) ൽ നിന്നും നിർമിക്കാനാവശ്യമായ നടപടികൾക്കായ് സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും സമീപിക്കാൻ യോഗത്തിൽ ധാരണയായി.
ഇതിനായി സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളിലുള്ള വിശദ ചർച്ചക്കായ് എം.പി യും എം.എൽ.എ മാരും അടുത്തു തന്നെ തിരുവനന്തപുരത്ത് വെച്ച് മന്ത്രിമാരുൾപ്പെടെ ബന്ധപ്പെട്ടവരുമായ് ചർച്ച നടത്തും.
സി.ആർ.എഫ് സംബന്ധിച്ച കേന്ദ്രസർക്കാർ നടപടിക്രമങ്ങൾക്കായി 18 മുതൽ പാർലമെൻറിന്റെ ശീതകാല സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ എം.കെ രാഘവൻ എം.പി ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയവുമായി ബന്ധപ്പെട്ട് നടത്തുമെന്നും അറിയിച്ചു.
@ പദ്ധതി ചിലവ് ഇങ്ങനെ
മാങ്കാവ് (1008 മീറ്റർ) 171.90 കോടി
മീഞ്ചന്ത-അരീക്കാട് (1040 മീറ്റർ) 116.80 കോടി
ചെറുവണ്ണൂർ (720 മീറ്റർ) 96.30കോടി