എടച്ചേരി: എടച്ചേരിയിലെ നെയ്ത്തു തൊഴിലാളികൾ മാസങ്ങളോളമായിയി ശമ്പളം ലഭിക്കാത്തതിനാൽ ദുരിതത്തിൽ. എടച്ചേരി ചുണ്ടയിൽ പ്രവർത്തിക്കുന്ന അജയ് വിവേഴ്‌സ് സൊസൈറ്റിയിലെ ജീവനക്കാർക്കാണ് ശമ്പളം ലഭിക്കാത്തത്. 1971 ൽ കേരള വ്യവസായ വകുപ്പിന് കീഴിൽ സ്ഥാപിച്ച ഈ സൊസൈറ്റിയിൽ ഇപ്പോൾ 53 ഓളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്. കാലത്ത് 8.30 മുതൽ 5.30 വരെ കണ്ണും, കൈയും,കാലും, അതീവശ്രദ്ധയോടെ പ്രവർത്തിപ്പിച്ച് കഠിനാധ്വാനം ചെയ്താൽ ഇവർക്ക് കിട്ടുന്ന വേതനം ദിവസം 500 ൽ താഴെ മാത്രമാണെന്ന് തൊഴിലാളികൾ പറയുന്നു. തുച്ഛമായ ഈ ശമ്പളം പോലും കൃത്യമായി ലഭിക്കാത്തതാണ് ഇവരുടെ പ്രശ്നം. 2019 ജൂണിലാണ് ഇവർക്ക് അവസാനമായി ശമ്പളം ലഭിക്കുന്നത്. അതിൽ പിന്നെ ഇത്രയും മാസം ശമ്പളം മുടങ്ങിക്കിടക്കുകയാണെന്നും നെയ്ത്തു തൊഴിലാളികൾ പരാതിപ്പെടുന്നു. അതെ സമയം ശമ്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളുടെ പ്രയാസങ്ങൾ സൊസൈറ്റിയുടെ ഭരണ സമിതി വിളിച്ചുകൂട്ടുന്ന യോഗങ്ങളിലും, ഉന്നതതല മീറ്റിങ്ങുകളിലും അറിയിക്കാറുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ലെന്ന് സൊസൈറ്റി പ്രസിഡന്റ് ചിങ്ങന്റവിട ഭാസ്‌കരൻ പറയുന്നു. സംസ്ഥാന സർക്കാറും, വ്യവസായ വകുപ്പും ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൈത്തറി യുണിഫോം നിർബന്ധമാക്കിയതോടെ ഈ സൊസൈറ്റിയിൽ നിർമ്മിക്കുന്ന തുണികളുടെ അളവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ തൊഴിലാളികളുടെ ജോലി ഭാരവും കൂടുതലാണ്. സർക്കാരിൽ നിന്നും അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ എടച്ചേരിയിലെ അവശേഷിക്കുന്ന ഏക നെയ്ത്തു ശാലയായ അജയ് വീവേഴ്‌സ് സൊസൈറ്റിയും വിദൂരമല്ലാത്ത ഭാവിയിൽ നിശ്ചലമാകാനാണ് സാധ്യതയെന്നും തൊഴിലാളികൾ ഒന്നടങ്കം കേരളകൗമുദിയോട് പറഞ്ഞു.