സുൽത്താൻ ബത്തേരി: സമുദായത്തിന്റെ ഐശ്വര്യത്തിനായി ചെട്ടി സമുദായം ഗണപതി ഭഗവാന് മുന്നിൽ ഒത്തുചേരുന്ന ചടങ്ങ് സംക്രമ ദിനത്തിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. ഇന്നലെ വൃശ്ചിക സംക്രമ ദിനമായ തുലാം 30-നാണ് ബത്തേരി ഗണപതിവട്ടത്ത് ചെട്ടി സമുദായം ഒത്ത് ചേരുന്നത്.
പുരാതനകാലം മുതൽ വയനാട്ടിലെ പൂർവ്വ നിവാസികളായ വയനാടൻ ചെട്ടി സമുദായം ബത്തേരി മഹാഗണപതി ക്ഷേത്രത്തിൽ ഒത്ത് ചേർന്ന് നാടിന്റെയും സമുദായത്തിന്റെയും ഐശ്വര്യത്തിന് വേണ്ടി കൂട്ടായി പൂജാദി കർമ്മങ്ങളും വഴിപാടുകളും നടത്തി വന്നിരുന്നു.
വാഹന സൗകര്യമോ വഴി സൗകര്യമോ ഇല്ലാതിരുന്ന കാലത്ത് സമുദായത്തിലെ ആളുകൾക്ക് പരസ്പരം കണ്ടുമുട്ടുന്നതിനോ ഒത്തുചേരുന്നതിനെ കഴിഞ്ഞിരുന്നില്ല. ആണ്ടിൽ ഒരിക്കൽ ദൈവ സന്നിധിയിൽ ഒത്തുചേർന്നാണ് ഈ സമുദായം പരസ്പരം ബന്ധങ്ങൾ ഊട്ടിയുറപ്പിച്ച് വന്നത്. തലമുറകളായി ആചരിച്ചു വന്ന ഈ ആചാരമാണ് സംക്രമ ദിനമായി നടത്തുന്നത്.
വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റിയുടെയും ഐവർ ചെട്ടി സ്ഥാനികളുടെയും സമുദായ കാരണവൻമാരുടെയും നേതൃത്വത്തിലാണ് സംക്രമദിനം ആഘോഷിച്ചത്.
ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് കാലത്ത് ആരംഭിച്ച ഘോഷയാത്രയിൽ നൂറുകണക്കിന് സമുദായംഗങ്ങൾ പങ്കെടുത്തു. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര ബത്തേരി പട്ടണം ചുറ്റി ഗണപതി ക്ഷേത്രത്തിൽ സമാപിച്ചു.
സംക്രമദിനാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു. വയനാടൻ ചെട്ടി സർവ്വീസ് സൊസൈറ്റി പ്രസിഡന്റ് കണ്ണിവട്ടം കേശവൻചെട്ടി അദ്ധ്യക്ഷത വഹിച്ചു. കരുവളം കേശവൻ, കരുവളം ദാമോദരൻ, അമ്പലക്കുണ്ട് ശ്രീധരൻ, പത്മനാഭൻ, എം.ഗോപാലൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി നിർമ്മിച്ച വീടിന്റെ താക്കോൽ ദാനവും നിർവ്വഹിച്ചു. തുടർന്ന് സമുദായത്തിന്റെ തനത്കലകളായ കോൽക്കളി, വട്ടക്കളി, തിരുവാതിരക്കളി എന്നിവയും നടന്നു.
പുതിയ നെല്ലിന്റെ അരികൊണ്ടുള്ള നിവേദ്യം ഭഗവാന് സമർപ്പിച്ച ശേഷം സമൂഹ അന്നാദാനവും നടത്തി. വൈകീട്ട് ചുറ്റുവിളക്കും തുടർന്ന്101 തേങ്ങ ഉടച്ചുകൊണ്ട് ചടങ്ങ് അവസാനിപ്പിച്ചു. സംക്രമദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെയും പന്തല്ലൂരിലെയും പന്ത്രണ്ടോളം ക്ഷേത്രങ്ങളിൽ സമുദായം വക പ്രത്യേക പൂജയും നടന്നു.
ഫോട്ടോ 1405
സംക്രമ ദിനാഘോഷത്തോടനുബന്ധിച്ച് വയനാടൻ ചെട്ടി സമുദായം ബത്തേരിയിൽ നടത്തിയ ഘോഷയാത്ര.