കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷനിലൂടെ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ ജില്ലായിലാരംഭിച്ചു. ണ്ടു ദിവസങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 7 സ്‌കൂളുകളിലാണ് പരീക്ഷ നടക്കുന്നത്. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ജി.വി.എച്ച്.എസ് കൽപ്പറ്റയിൽ 69 കാരൻ സുകുമാരന് ചോദ്യപ്പേപ്പർ നൽകി നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എ.ദേവകി, ജില്ലാ കോ ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയി, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ സോയനാസർ,ടി.വി.ശ്രീജൻ, ഹെഡ്മിസ്റ്റ്രസ് പി.ടി. സുഹറ എന്നിവർ പങ്കെടുത്തു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലായിരുന്നു ഇന്നലെ പരീക്ഷ. രാവിലെ 9.30ന് ആരംഭിച്ച് 4 മണിക്ക് പരീക്ഷ അവസാനിച്ചു.സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം,ഗണിതം എന്നീ വിഷയങ്ങളിൽ ഇന്ന് പരീക്ഷ നടക്കും.
വിദ്യാകേന്ദ്രം മുഖേന രജിസ്‌ട്രേഷൻ നടത്തി പഠന കേന്ദ്രങ്ങളിലൂടെ പരിശീലനം ലഭിച്ചവരാണ് പരീക്ഷ എഴുതുന്നത്. സാക്ഷരതാ മിഷൻ പ്രസ്തുത വിഷയങ്ങളിൽ അദ്ധ്യാപകയോഗ്യതയുള്ളവരെ പഠന കേന്ദ്രങ്ങളിൽ നിയമിച്ചിരുന്നു.6 മാസമായിരുന്നൂ പഠന കാലാവധി.
ഏഴാം തരം അടിസ്ഥാന യോഗ്യതയുള്ള സർക്കാർ പരീക്ഷ എഴുതുന്നതിനും തുല്യത പത്താംതരം പഠിക്കുന്നതിനും ഏഴാം തരം തുല്യതാ സർട്ടിഫിക്കറ്റ് അനുയോജ്യമാണ്.
ഇന്ന് നാലാം തരം തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്.