കോഴിക്കോട്: ത്രീഡി ചിത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുകയാണ് മലപ്പുറം സ്വദേശി ഐശ്വര്യ. കോഴിക്കോട് ആർട്ട് ഗാലറിയിൽ ഐശ്വര്യ വിനോദ് കുമാറിന്റെ 'റെസ്സിൻ വേവ്‌സ്' ത്രീഡി ചിത്രപ്രദർശനം ശ്രദ്ധേയമാവുകയാണ്.
21വരെയാണ് പ്രദർശനം.
റെസ്സിൻ എന്ന ദ്രാവകം ക്യാൻവാസിലോ ,ബൗളിലോ ഒഴിച്ച്, ഉണങ്ങിയ ശേഷം അതിൽ പല ലെയറുകളായി ചിത്രം വരച്ചാണ് ത്രിഡി ചിത്രങ്ങൾ നിർമ്മിക്കുന്നത്. സാധാരണ ചിത്രങ്ങളിൽ നിന്നു വ്യത്യസ്ഥമായി ചിത്രങ്ങൾക്കു മറ്റു കൂട്ടാൻ ചായങ്ങൾക്കു പുറമേ കക്ക , മണൽ പോലെയുള്ള വസ്തുക്കളും ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രദർശനത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ റെസ്സിൻ ഉപയോഗിച്ച് സമുദ്രത്തേയും , സമുദ്രജീവിതത്തേയുമാണ് ചിത്രകാരി ആവിഷ്‌കരിക്കുന്നത്. നീലനിറത്തിന്റെ പ്രസരിപ്പ് പ്രദർശനത്തിലുടനീളം നമുക്ക് കാണാനാകും . നമുക്കു ചുറ്റുമുള്ള നമ്മൾ കാണാതെ പോകുന്ന ജലജീവിതവും അതിന്റെ മനോഹാരിതയുമാണ് നാല്പതോളം വരുന്ന ചിത്രങ്ങളിലൂടെ ചിത്രകാരി പ്രേക്ഷകനു മുന്നിൽ നൽകുന്നത്. പാത്രത്തിൽ കിടക്കുന്ന മീനും , ആമയുമെല്ലാം ചിത്രങ്ങളാണ് എന്ന് മനസ്സിലാക്കാൻ രണ്ടാമത് ഒന്നൂടെ നോക്കേണ്ടി വരും, അത്രയധികം ജീവസ്സുറ്റതാണ് ഈ മലപ്പുറം കാരിയുടെ ഓരോ ചിത്രങ്ങളും.
ക്യാൻവാസിൽ വരച്ച ചിത്രങ്ങൾക്കു പുറമേ ബൗളുകളിൽ റസ്സിൻ നിറച്ച് അതിൽ നിർമ്മിച്ച ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഈ നൂതന ചിത്ര നിർമ്മാണ രീതി വളരെ ചിലവു കൂടിയതാണെന്നും അത് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഐശ്വര്യ അറിയിച്ചു. രണ്ടായിരം മുതൽ പതിനായിരം രൂപ വരെ വില വരുന്ന ചിത്രങ്ങളിൽ ചിലതെല്ലാം വിറ്റുപോവുകയും ചെയ്തു.