കൊയിലാണ്ടി: നഗരസഭയായി ഉയർത്തിയിട്ട് കാൽ നൂറ്റാണ്ട് പിന്നിടാറായിട്ടും വാഹനങ്ങൾക്കാവശ്യമായ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിൽ കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ പരാജയം. സ്വതവേ കേരളത്തിൽ ഏറ്റവും കൂടുതൽ ഗതാഗതകുരുക്കുള്ള നഗരത്തിൽ പാർക്കിംഗ് സൗകര്യം ഇല്ലാത്തത് ശ്വാസംമുട്ടലായി മാരിയിരിക്കുകയാണ്. ഓട്ടോറിക്ഷ, ഗുഡ്‌സ്ഓട്ടോ , ലോറി , ഇരുചക്ര വാഹനങ്ങൾ , ടാക്‌സി കാർ എന്നിവയ്ക്കൊന്നും പാർക്കിംഗ് സൗകര്യം ഇല്ല. പെർമിറ്റുള്ള 750 ഓട്ടോറിക്ഷകളാണ് നഗരത്തിൽ സർവ്വീസ് നടത്തുന്നത്. ബ്ലോക്കായതിനാൽ ഭൂരിഭാഗം വണ്ടികളും നിർത്തിയിട്ടി സ്ഥിതിയിൽ തന്നെയാണു ദേശീയ പാതയോരത്തും ബസ് സ്റ്റാന്റിന്റെ സമീപവശങ്ങളിലും കാണപ്പെടാറ്. ഇതാവട്ടെ ദേശീയ പാതയെ ഞെക്കികൊല്ലുകയാണ്. ഉചിതമായ സ്ഥലത്ത് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണെന്ന് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി.

വലയുന്ന ഇരുചക്രവാഹനക്കാർ

ദേശീയ പാതയിൽ താലൂക്ക് ആശുപത്രിക്ക് മുൻവശം, ബസ്സ്റ്റാൻറ്റ്, റെയിൽവെ പരിസരം എന്നിവിടങ്ങളിലായി നൂറ് കണക്കിനു ഇരു ചക്ര വാഹനങ്ങൾ കാണാൻ കഴിയും. രാവിലെ പാർക്ക് ചെയ്താൽ വൈകുേന്നേരം വണ്ടി എടുക്കുമ്പോൾ സാധനം സ്ഥലത്തുണ്ടായാൽ ഭാഗ്യം എന്നുമാത്രമേ പറയാനുള്ളൂ. നിരവധി ബൈക്കുകളാണ് അടുത്തകാലത്ത് ഇവിടെ നിന്നും കളവ്‌പോയത്. ബസ്റ്റാൻഡിൻെറ പടിഞ്ഞാറ് ഭാഗത്ത് പാർക്കിംഗ് നിരോധിച്ചതോടെ പാർക്ക് ചെയ്യാൻ ഇടമില്ലാതെ നട്ടംതിരിയുന്ന ഇരുചക്രവാഹനക്കാർ കൊയിലാണ്ടിയിലെ സ്ഥിരം കാഴ്ചയാണ്.

നഗരസഭയുടെ അനാസ്ഥ

ലോറികൾ പാർക്ക് ചെയ്യുന്നത് റവന്യൂ വകുപ്പിന്റെ കൈവശമുളള കണ്ണായ സ്ഥലത്താണ്. ഈ സ്ഥലം ആശുപത്രി വികസനത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ പാതയോരത്ത് അനധികൃത പാർക്കിംഗ് നടത്തുന്നതിനെതിരെ പൊലീസ് നടപടി എടുക്കുന്നത് ബഹളത്തിൽ കലാശിക്കുകയാണ് പതിവ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടസമുച്ചയങ്ങളുടെ അടിഭാഗം പാർക്കിംഗിന് ഉപയോപ്പെടുത്തിയിരുന്നെങ്കിൽ പ്രശ്‌നം ഭാഗികമായി പരിഹരിക്കാൻ കഴിയുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. സ്വകാര്യ വ്യാപാര കെട്ടിടങ്ങൾക്ക് പെർമിറ്റ് നല്കുമ്പോൾ പാർക്കിംഗ് ഏരിയ നിബ്ബന്ധമാണ് എന്നാൽ കൊയിലാണ്ടിയിലെ കെട്ടിടങ്ങളുടെ പാർക്കിംഗിനായി ഉപയോഗിക്കുന്നത് റോഡിന്റെ സൈഡാണ്. പുതിയ ബസ്റ്റാൻഡിന് മുമ്പിലെ ഷോപ്പിംഗ് മാളിന് പോലും പാർക്കിംഗ് സൗകര്യമില്ലാത്ത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. പഴയബസ്റ്റാൻഡിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില ഷോപ്പിംഗ് മാളിൽ ഒരുനില പാർക്കിംഗിനായി നൽകുമെന്ന് നഗരസഭ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ പ്ലാനിൽ പാർക്കിംഗ് സൗകര്യം ഇല്ലെന്നാണ് അറിയാൻ കഴി‌ഞ്ഞത്.