പേരാമ്പ്ര: ശബരിമല വിഷയത്തിൽ സർക്കാരിന് കൃത്യമായ നയമില്ലെന്ന് എല്ലാവർക്കും ബോധ്യമായെന്ന് കെപി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. പി.കെ ഗോവിന്ദൻ നായർ സ്മാരക പുറ്റംപൊയിൽ മേഖലാ കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ പതിനയ്യായിരം പൊലീസുകാരെ ഒരുക്കി നിർത്തിയ പിണറായി വിജയൻ ഇപ്പോൾ പറയുന്നത് സ്ത്രീകളെ കയറ്റില്ലെന്നാണ്. ശബരിമലയെ കലാപഭൂമിയാക്കാനാണ് സർക്കാർ ശ്രമിച്ചത്. സുപ്രീം കോടതിയെ സർക്കാരും ദേവസ്വം ബോർഡും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എൽ.ഡി.എഫ് സർക്കാർ തെറ്റായ സത്യവാങ്ങ്മൂലം നൽകിയതുകൊണ്ടാണ് നേരത്തെ സുപ്രീംകോടതിയിൽ നിന്ന് അത്തരമൊരു വിധിയുണ്ടായത്. കോടതിവിധികളിൽ ജനഹിതം പ്രതിഫലിക്കണം. അല്ലാത്ത വിധികൾ നടപ്പാക്കാൻ കഴിയില്ല. ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ തീരുമാനമെടുക്കേണ്ടത് ജഡ്ജിമാരോ മുഖ്യമന്ത്രിയോ അല്ല, തന്ത്രിമാരാണ്. വിശ്വാസ ആചാരങ്ങൾ പൗരന്റെ ജൻമവാകാശമാണ്. അത് ആർക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നരവർഷത്തെ ഭരണം കൊണ്ട് ഏതെങ്കിലുമൊരു നേട്ടം പിണറായി സർക്കാരിന് പറയാനുണ്ടോ എന്നും സുധാകരൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണത്തിന്റെ വിനിയോഗത്തെ കുറിച്ച് വ്യക്തമായ കണക്ക് പുറത്തുവിടാൻ സർക്കാർ തയ്യാറാവാണം. ജനങ്ങളുടെ പണം മുഖ്യമന്ത്രി പാർട്ടിക്കാർക്കു വേണ്ടി തോന്നിയ പോലെ ചെലവഴിക്കുകയാണ്. കിഫ്ബിയിലൂടെ ജനങ്ങളുടെ നികുതിപ്പണം സർക്കാർ ധൂർത്തടിക്കുകയാണ്. നിർമ്മാണ കമ്മിറ്റി ചെയർമാൻ പി.പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു, കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, പി.കെ രാഗേഷ്, മുനീർ എരവത്ത്, പ്രദീഷ് നടുക്കണ്ടി, റഷീദ് പുറ്റംപൊയിൽ, ബാബു തത്തക്കാടൻ, കെ.പി രാജൻ, അഷ്രഫ് തളിയോത്ത്, കെ.കെ വിനോദൻ, ഇ.വി രാമചന്ദ്രൻ, പി വാസു, വി. ആലീസ് മാത്യു, കാവിൽ പി മാധവൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന കോൺഗ്രസ് കുടുംബസംഗമം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.