കോഴിക്കോട്: സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ ഒമ്പതാമത് എഡിഷൻ ഡിസംബർ 19 മുതൽ ജനുവരി ആറുവരെ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെ ആകർഷിക്കുന്ന മേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ അവാർഡ് ജേതാക്കൾ ഉൾപ്പെടെ 500 കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും. ഇറാൻ, കിർഗിസ്ഥാൻ, മൗറീഷ്യസ്, നേപ്പാൾ, ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ, സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധരും മേളയിൽ എത്തുന്നുണ്ട്.
19ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മേളയുടെ ഉദ്ഘാടനം നിർവഹിക്കുമെന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിനുശേഷം തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. ഉത്തര കേരളത്തിലെ വിനോദസഞ്ചാര സാദ്ധ്യതകൾ പരിപോഷിപ്പിക്കുന്നതിനും പരമ്പരാഗത കലകളുടെയും കലാ കരകൗശല വിദഗ്ദ്ധരുടെയും ഉന്നമനത്തിന് ഉതകുന്നതിനുമാണ് മേള.
കരകൗശല മേഖല, കൈത്തറി മേഖല, കളിമൺ പൈതൃക മേഖല, പരമ്പരാഗത കലാപ്രദർശന മേഖല എന്നിവ ആസ്പദമാക്കിയാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത കളിമൺ പൈതൃക ഗ്രാമങ്ങളെ ഉൾപ്പെടുത്തി പ്രത്യേകം ഒരുക്കുന്ന കളിമൺ നിർമ്മാണ പ്രദർശന പവലിയൻ മേളയുടെ സവിശേഷതയാണ്. പരമ്പരാഗത കലാപരിപാടികളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള റൂറൽ ആർട്ട് ഹബ് പദ്ധതിയുടെ ഭാഗമായി സർഗാലയ അന്താരാഷ്ട്ര മേളയിൽ പ്രത്യേക കരകൗശല കൈത്തറി പൈതൃക ഗ്രാമ പവലിയൻ ഒരുക്കുന്നുണ്ട്. ആദിവാസികൾക്ക് പ്രാമുഖ്യം നൽകിയുള്ള കലാവിരുന്നും ഉണ്ടായിരിക്കും.
മേളയോടൊപ്പം വിനോദസഞ്ചാര വികസനവും ലക്ഷ്യമാക്കി വിവിധ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര വകുപ്പ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് സംസ്ഥാന സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനുവരി അഞ്ചിന് സർഗാലയയിൽ വച്ച് ടൂറിസം കോൺക്ലേവും സംഘടിപ്പിക്കുന്നുണ്ട്. യോഗത്തിൽ മന്ത്രി ടി പി രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സാംബശിവറാവു, യു എൽ സി സി എസ് എം ഡി എസ് ഷാജു, സർഗാലയ സി ഇ ഒ പി. പി ഭാസ്കരൻ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.