കൽപ്പറ്റ: ദേശീയപാതയിലെ യാത്രാനിരോധന വിഷയത്തിൽ സംസ്ഥാനതലത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിലുള്ള രാത്രിയാത്രാ നിരോധനത്തോടൊപ്പം പകൽസമയത്തും ഈ പാതയിലൂടെയുള്ള യാത്ര നിരോധിക്കാനുള്ള നീക്കം ജനങ്ങളിൽ ആശങ്ക പടർത്തുകയാണ്. യാത്രാനിരോധന വിഷയത്തിൽ എല്ലാ രാഷ്ട്രീയനേതാക്കളും മുൻകൈയെടുത്ത് വലിയ ജനകീയ പ്രക്ഷോഭം നടത്തിയിരുന്നു. സുപ്രീംകോടതി പ്രഗത്ഭരായ അഭിഭാഷകരുടെ അഭ്യർത്ഥന മാനിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നൽകിയത്.