കൽപ്പറ്റ: വയനാട് ജില്ലയിൽ ഡോക്ടർമാരുടേതടക്കം 33 പുതിയ തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിറങ്ങി. ആർദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് തസ്തികകൾ അനുവദിച്ചത്. ഡോക്ടർമാർ10, സ്റ്റാഫ് നഴ്സ് 15, ലാബ് ടെക്നീഷ്യൻ 8 എന്നിങ്ങനെയാണ് പുതുതായി അനുവദിച്ച തസ്തികകൾ. വെള്ളമുണ്ട, കുറുക്കന്മൂല, തൊണ്ടർനാട്, ബേഗൂർ, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം, ചെതലയം എന്നിവിടങ്ങളിൽ പുതുതായി ഡോക്ടർമാരെയും നഴ്സുമാരെയും നിയമിക്കും.

എടവക, കുറുക്കന്മൂല, ബേഗൂർ, സുഗന്ധഗിരി, പൊഴുതന, കോട്ടത്തറ, പടിഞ്ഞാറത്തറ, പാക്കം എന്നിവിടങ്ങളിലാണ് പുതുതായി ലാബ് ടെക്നീഷ്യൻ തസ്തികകൾ അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്താകെ 374 അസിസ്റ്റന്റ് സർജൻ, 400 സ്റ്റാഫ് നഴ്സ്, 200 ലാബ് ടെക്നീഷ്യൻ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്.
ആർദ്രം പദ്ധതി പ്രകാരം മൂന്നു ഘട്ടങ്ങളിലായി ജില്ലയിലെ 31 സർക്കാർ ആശുപത്രികളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ആദ്യഘട്ടത്തിൽ പൂതാടി, വെങ്ങപ്പള്ളി, നൂൽപ്പുഴ, അപ്പപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. മേപ്പാടി, അമ്പലവയൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കുറുക്കന്മൂല, ബേഗൂർ, എടവക, വെള്ളമുണ്ട, ചീരാൽ, തൊണ്ടർനാട്, വാഴവറ്റ, ചെതലയം, പാക്കം, പടിഞ്ഞാറത്തറ, കോട്ടത്തറ, സുഗന്ധഗിരി, പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ടത്തിൽ പനമരം, പേര്യ, നല്ലൂർനാട്, തരിയോട്, പുൽപ്പള്ളി, മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കാപ്പുകുന്ന്, വരദൂർ, ചുള്ളിയോട്, വാളാട്, മുള്ളൻകൊല്ലി, മൂപ്പൈനാട് പി.എച്ച്.സികൾ എന്നിവ മാതൃകാ കുടുംബാരോഗ്യ കേന്ദ്രങ്ങളാവും.
കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികൾക്ക് കൂടുതൽ സൗഹാർദപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആർദ്രം ദൗത്യത്തിൽ പ്രധാനം. ദൈനംദിനം ആശുപത്രി സന്ദർശിക്കേണ്ടിവരുന്ന രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കാണ് മുൻഗണന. വൈകീട്ട് വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്‌ട്രേഷൻ കൗണ്ടറുകൾ, മുൻകൂട്ടി ബുക്കിങ് സൗകര്യം, മികച്ച കാത്തിരിപ്പ് സ്ഥലങ്ങൾ, കുടിവെള്ള ടോയ്ലറ്റ് സൗകര്യങ്ങൾ, സ്ത്രീഭിന്നശേഷി സൗഹൃദം, പ്രീ ചെക്കപ്പ് ഏരിയ, ലാബ്, ഡിസ്‌പ്ലേകൾ, സ്വകാര്യതയുള്ള പരിശോധനാ മുറികൾ, വിവിധ ക്ലിനിക്കുകൾ എന്നീ സൗകര്യങ്ങൾ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാവും.