സുൽത്താൻ ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പിൻവലിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. ദേശീയ പാതയിൽ നിരോധനം ഏർപ്പെടുത്തിയിട്ട് പത്ത് വർഷങ്ങൾ പൂർത്തിയായിട്ടും റോഡ് തുറക്കാനുള്ള നടപടികൾ ആയിട്ടില്ലെന്ന് മാത്രമല്ല, നിരോധനം വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്. നൂറ്റാണ്ടുകളായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന പാതകൾ പരിസ്ഥിതി സ്‌നേഹത്തിന്റെ പേരിൽ തടസപ്പെടുത്താൻ ശ്രമിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. വനത്തിനും, വന്യമൃഗങ്ങൾക്കും ദോഷം സംഭവിക്കാത്ത വിധത്തിലുള്ള മേൽപ്പാലങ്ങളോ, തുരങ്ക പാതകളോ നിർമ്മിച്ച് പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ ആണ് ആവശ്യപ്പെടുന്നത്. ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം പിൻവലിക്കാൻ ഉത്തരവാദപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. എ.കെ.ജി.എസ്.എം.എ ജില്ലാ പ്രസിഡന്റ് എം.ജെ.അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മാത്യു മത്തായി ആതിര, വൈത്തിരി താലൂക്ക് പ്രസിഡന്റ് ബാബു അനുപമ, ബത്തേരി
താലൂക്ക് പ്രസിഡന്റ് കെ.പി.ദാമോദരൻ, മാനന്തവാടി താലൂക്ക് പ്രസിഡന്റ് ഷാനു മലബാർ, പീറ്റർ മൂഴയിൽ, ബെന്നി അഗസ്റ്റിൻ, ബാവ ,സിദ്ധീക്ക്, സേതുമാധവൻ എന്നിവർ പ്രസംഗിച്ചു.