സുൽത്താൻ ബത്തേരി: എൻ.എച്ച് 766 ന്റെ കാര്യത്തിൽ വയനാടിന്റെ എം.പിയുടെയും എം.എൽ.എമാരുടെയും നിലപാട് വ്യക്തമാക്കണമെന്ന് കർഷകമുന്നണി ആവശ്യപ്പെട്ടു. സമരങ്ങൾ നടത്താൻ ജനങ്ങളെ നിരത്തിലിറക്കിയ എൻ.എച്ച് പ്രൊട്ടക്ഷൻ കമ്മിറ്റിയും റെയിൽവേ ആക്ഷൻ കമ്മിറ്റിയും ബദൽ പാതയ്ക്ക് മൌനസമ്മതം കൊടുക്കുന്നതായി ജനങ്ങൾ സംശയിക്കുകയാണെന്നും കർഷകമുന്നണി കുറ്റപ്പെടുത്തി. അയൽ സംസ്ഥാന ലോബിക്കുവേണ്ടി വയനാട്ടിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡ് അടച്ച് വയനാട്ടിലെ ടൂറിസത്തിനെയും വികസനത്തെയും നശിപ്പിക്കുന്ന തീരുമാനം വയനാട്ടിലെ ജനങ്ങളോടു കാണിക്കുന്ന ക്രൂരതയാണ്.

ഗതാഗത നിയന്ത്രണം എടുത്ത് മാറ്റണം എന്ന് നിയമസഭ ഐകകണ്‌ഠ്യേന പാസ്സാക്കിയ പ്രമേയം പോലും വേണ്ടപ്പെട്ട അതോറിറ്റിക്ക് നൽകാൻ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയിൽ ജനപ്രതിനിധികൾ അവരുടെ സമീപനം എന്താണ് എന്ന് വ്യക്തമാക്കണം.

ഗതാഗതം നിയന്ത്രണം എടുത്ത്മാറ്റി പഴയരീതിയിൽ ഗതാഗതം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരിസ്ഥിതി വകുപ്പ് മന്ത്രിക്കും,വയനാട് എം പി ക്കും ഫാക്സ് സന്ദേഹം അയയ്ക്കാൻ കർഷകമുന്നണി ജില്ലാ നേതൃയോഗം തീരുമാനിച്ചു.

എൻ.ജെ ചാക്കോ അദ്ധ്യക്ഷത വഹിച്ചു. കേരള കർഷകമുന്നണി ചെയർമാർ പി എം ജോയി,ഡോ. പി ലക്ഷ്മണൻ, വി എം വർഗ്ഗീസ്,ടി പി ശശി,എം കെ ബാലൻ, എ ഭാസ്‌ക്കരൻ,ടി ഇബ്രാഹിം,ഒ സി ഷിബു,പി ജെ കുട്ടിച്ചൻ,ഷാലിൻ ജോർജ്ജ്,ബിജു പൂളക്കര,മത്തായി കട്ടക്കയം,ബി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.