വടകര: മേപ്പയില്‍ പ്രദേശത്തെ സാസ്‌കാരിക മുന്നേറ്റത്തിന് നേതൃപരമായ പങ്കു വഹിക്കുന്ന ശ്രീനാരായണ കലാകേന്ദ്രത്തിന്റെ 26ാം വാര്‍ഷികാഘോഷവും അഖില കേരള പ്രൊഫഷണല്‍ നാടകോത്സവവും നവംബര്‍ 19 മുതല്‍ 24 വരെ മേപ്പയില്‍ ശ്രീ നാരായണ മന്ദിരത്തിന് സമീപം പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെ ആദരിക്കും. 26 വാര്‍ഷികാഘോഷവും നാടകോത്സവവും നവംബര്‍ 19 ന് 6.30ന് പ്രശസ്ത നാടക സംവിധായകന്‍ പൗര്‍ണമി ശങ്കര്‍ ഉദ്ഘാടനം ചെയ്യും. പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.എം.മനോജ് മുഖ്യാതിഥിയായിരിക്കും. രാത്രി 7 ന് വടകര കാഴ്ച കമ്യൂണിക്കേഷന്റെ ദൂരം അരികെ നാടകം അരങ്ങേറും. നവംബര്‍ 20 ന് 6.30ന് കലാ കേന്ദ്രം സംഘടിപ്പിച്ച സൗജന്യ പി.എസ്.സി കോച്ചിങ് ക്ലാസില്‍ മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരെ ആദരിക്കും. ചടങ്ങില്‍ മിഡറ്റ് കോളജ് ചെയര്‍മാന്‍ പ്രകാശ് ബാബു മുഖ്യാതിഥിയാകും. തുടര്‍ന്ന് ശ്രീനാരായണ കലാ കേന്ദ്രത്തിന്റെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. നിരവധി വേദികളില്‍ അവതരിപ്പിച്ച് ആസ്വാദക ശ്രദ്ധ നേടിയ കലാകേന്ദ്രത്തിന്റെ തേവര്‍ വെള്ളന്‍ എന്ന വില്‍ കലാമേളയും അരങ്ങേറും. 21 ന് 6.30ന് ഗാന രചയിതാവ് ഇ.വി.വത്സനെ ആദരിക്കും. തുടര്‍ന്ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ വേനലവധി എന്ന നാടകം അവതരിപ്പിക്കും. നവംബര്‍ 22 ന് 6.30ന് സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകരയെ ആദരിക്കും. തിരുവനന്തപുരം സോപാനത്തിന്റെ യാത്രകള്‍ തീരുന്നിടത്ത് എന്ന നാടകം അരങ്ങേറും. നവംബര്‍ 23ന് 6.30ന് നാടക നടന്‍ ബാലകൃഷ്ണന്‍ മേപ്പയിലിനെ ആദരിക്കും. ചടങ്ങില്‍ സിനിമ - നാടക കഥാകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് 7 ന് കോഴിക്കോട് നാദാത്മയുടെ ഒരു പകല്‍ നേരം എന്ന നാടകം അരങ്ങേറും . നവംബര്‍ 24 ന് 6.30ന് വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനവും പുസ്തക പ്രകാശനവും നഗരസഭാദ്ധ്യക്ഷന്‍ കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ എ. കുഞ്ഞിരാമന്‍ അദ്ധ്യക്ഷനാകും. എസ്.എന്‍.ഡി.പി.യോഗം വടകര യൂണിയന്‍ സെക്രട്ടറി പി.എം.രവീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് 7 ന് തിരുവനന്തപുരം ആരാധനയുടെ ആ രാത്രി എന്ന നാടകം ഉണ്ടാകും വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.നാരായണന്‍, ശ്രീനാരായണ കലാകേന്ദ്രം പ്രസിഡന്റ് എം.സി.അജിതന്‍, സെക്രട്ടറി വി.പി.ദേവനാഥന്‍, ഒ.പി. ബിജു എന്നിവര്‍ പങ്കെടുത്തു.