വടുവഞ്ചാൽ: കോഴിക്കോട് ഊട്ടി അന്തർസംസ്ഥാന റോഡ് നിർമാണം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി നൽകിയ വാക്ക് പാലിക്കണമെന്ന്‌ കോൺഗ്രസ് മൂപ്പൈനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനും മാസങ്ങൾക്ക് മുമ്പ് വകുപ്പ് മന്ത്രി റോഡ് നിർമാണ പ്രവർത്തി ഉദ്ഘാടനം ചെയ്തിരുന്നു. ചുണ്ടേൽ മുതൽ തമിഴ്നാട് അതിർത്തിയിലെ ചോലാടി വരെയുള്ള ഭാഗം വീതി കൂട്ടി നവീകരിക്കുമെന്നാണ് അന്ന് മന്ത്രി പറഞ്ഞിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത് ചുണ്ടേൽ മുതൽ കാപ്പംകൊല്ലി വരെയും മേപ്പാടി മുതൽ റിപ്പൺ വരെയും ഭാഗികമായി മാത്രമേ പ്രവർത്തി നടത്താൻ സാധിക്കുകയുള്ളുവെന്നാണ്. മൂപ്പൈനാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ബാക്കി ഭാഗം റോഡിനെ ഒഴിവാക്കിയെന്നാണ് വ്യക്തമാകുന്നത്.
എസ്റ്റിമേറ്റിൽ മാറ്റം വരുത്തി മൂപ്പൈനാടിനെ ഒഴിവാക്കിയതിൽ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്ന്‌ യോഗം ആരോപിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച്‌ റോഡ് പ്രവർത്തി പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.വേണുഗോപാൽ, വി.എൻ.ശശീന്ദ്രൻ, കണ്ടത്തിൽ ജോസ്, മുഹമ്മദ് ബാവ, ഉണിക്കാട് ബാലൻ, പി.ഹരിഹരൻ, ആർ.യമുന, മനോജ് കടച്ചിക്കുന്ന്, ടി.വി.രാജൻ,ജോയി വഞ്ചിത്താനത്ത് തുടങ്ങിയവർ പ്രസംഗിച്ചു.