കൽപ്പറ്റ: ജില്ലയിലെ ഭക്ഷ്യ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഭക്ഷ്യസുരക്ഷാ സൂപ്പർവൈസറി പരിശീലനം നിർബന്ധമാക്കി. തട്ടുകടക്കാർ, ചെറുകിട ഭക്ഷ്യ ഉൽപാദന, വിതരണ രംഗത്തുളളവർ 2020 ജനുവരി 30 നകവും കാറ്ററിംഗ്, പാൽ, പാൽ ഉൽപ്പന്നങ്ങളുടെ വിപണനം, ഹോട്ടൽ, ബേക്കറി നിർമ്മാണം, മത്സ്യ, മാംസ വിപണനം തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർ മെയ് 30 നകവും പരിശീലനം പൂർത്തിയാക്കണം. ഫുഡ് സ്റ്റേഫി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ എന്ന പരിശീലനത്തിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ, ഭക്ഷണം കൈകാര്യം ചെയ്യുമ്പോൾ അനുവർത്തിക്കേണ്ട വൃത്തി ശുചിത്വ ശീലങ്ങൾ തുടങ്ങി ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉൾപ്പെടുത്തിയിട്ടുളളത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഭക്ഷ്യ സുരക്ഷാ പരിശോധനാ സമയത്ത് ഹാജരാക്കണം. ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസറി ട്രെയിനിംഗ് നടത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അംഗീകൃത ഏജൻസികളെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സംഘടനകൾ മുഖേന പരിശീലനം നടത്താവുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി. ജെ വർഗ്ഗീസ് അറിയിച്ചു.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 16(3) വകുപ്പ് പ്രകാരം ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിട്ടിയുടെ മേൽനോട്ടത്തിൽ നടത്തുന്ന ഭക്ഷ്യ സുരക്ഷാ സൂപ്പർവൈസറി പരിശീലനം ലഭിച്ച ഒരാളെങ്കിലും ഉണ്ടായിരിക്കണമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. വകുപ്പ് 26 പ്രകാരം ശുദ്ധവും സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണം നിർമ്മിക്കുക, സൂക്ഷിക്കുക, വിതരണം നടത്തുക, വിൽപ്പന നടത്തുക എന്നതും നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുക എന്നതും ഓരോ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരുടേയും ഉത്തരവാദിത്വവുമാണ്. ഈ നിബന്ധനകൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി ട്രെയിനിംഗ് നിർബന്ധമാക്കുന്നത്. രാജ്യത്ത് ഇതിനകം 2 ലക്ഷത്തോളം എഫ്.ബി.ഒ മാർക്ക് പരിശീലനം നൽകി കഴിഞ്ഞു.