കോഴിക്കോട്: കോഴിക്കോട്ടെ രണ്ട് വിദ്യാർത്ഥികളെ കരിനിയമം ചുമത്തി ജയിലിൽ അടച്ചത് അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

കരിനിയമങ്ങളെ തിരുത്താൻ ഇടതുപക്ഷത്തിനാവണം എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം, പ്രതികരണം പരിപാടി ഇൻഡോർ സ്റ്റേഡിയം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ആരെയും വിചാരണ കൂടാതെ ജയിലിലടയ്ക്കാനും കഴിയുന്ന യു.എ.പി.എ ജനാധിപത്യത്തിന് അപമാനമാണ്. യു.എ.പി.എ യിലെ ജനവിരുദ്ധ വകുപ്പുകൾക്കെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടാണ് ഇടതുപക്ഷ പാർട്ടികൾ സ്വീകരിച്ചത്. നേരത്തെ യു.ഡി.എഫ് കാലത്ത് യു.എ.പി.എ ചുമത്തിയ കേസുകൾ റദ്ദ് ചെയ്ത് വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തത്. അതേ എൽ.ഡി.എഫ് സർക്കാരാണ് രണ്ട് വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത് - കാനം പറഞ്ഞു.

എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: പി.ഗവാസ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ, രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു.എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാ രാജ് ,ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ജില്ലാ പ്രസിഡന്റ് അഡ്വ: കെ പി ബിനൂപ്, എൻ.എം ബിജു, സി.കെ ബിജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു