പുൽപള്ളി: കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസ്സിൽ അദ്ധ്യാപകൻ അജിത്ത് കെ ഗോപാലനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസ്സെടുത്തു. ഓഫീസിലേക്ക് വിളിച്ചുവരുത്തി വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ പുൽപ്പള്ളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരും തെളിവെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമാണ് അദ്ധ്യാപകനെതിരെ കേസ്സെടുത്തിരിക്കുന്നത്.

അദ്ധ്യാപകനെ സംരക്ഷിക്കുന്നുവെന്ന്

പുൽപള്ളി:കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകനെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മുമ്പും ഈ അദ്ധ്യാപകനെതിരെ പരാതികൾ ഉയർന്നിരുന്നു. രാഷ്ട്രീയ ഇടപെടലുകളാൽ സംരക്ഷിക്കപ്പെടുകയാണ് അദ്ധ്യാപകനെന്നും യോഗം ആരോപിച്ചു. ഇതിനെതിരെ സമരം ആരംഭിക്കും. സിജു പൗലോസ് അദ്ധ്യക്ഷത വഹിച്ചു.

കള്ളക്കേസ്സിൽ കുടുക്കുന്നു

പുൽപള്ളി: കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവ. ഹൈസ്‌കൂൾ അദ്ധ്യാപകനെ കള്ളക്കേസ്സിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് പി ടി എ യോഗം ആരോപിച്ചു. സ്‌കൂളിനെ അപകീർത്തിപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണ് സംഭവത്തിന് പിന്നിൽ. യോഗത്തിൽ ഒ.കെ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ലിസ്സ ജോയി, കെ.പി സനോജ്, കെ.വി ചാക്കോ, ബീന രാംദാസ് എന്നിവർ സംസാരിച്ചു.