പേരാമ്പ്ര: ചെങ്ങോടുമലയിൽ തകർത്ത കുടിവെള്ള ടാങ്ക് രണ്ട് മാസത്തിനകം തൽസ്ഥാനത്ത് കോട്ടൂർ ഗ്രാമപഞ്ചായത്ത് നിർമ്മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ പുന:പരിശോധനാ ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തളളി.
ടാങ്ക് പൊളിച്ചിട്ടില്ലെന്നും ടാങ്ക് അവിടെത്തന്നെയുണ്ടെന്നുമാണ് പുന:പരിശോധനാ ഹർജിയിലുള്ളത്. മൈനിംഗ് പ്ലാനിൽ ഉൾപ്പെട്ട സ്ഥലത്തുണ്ടായിരുന്ന ടാങ്ക് പൊളിച്ച ശേഷം അതേ പോലുള്ള ടാങ്ക് 50 മീറ്റർ അകലത്ത് നിർമ്മിച്ചിരുന്നു. ഇതാണ് പഴയ ടാങ്കെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു ക്വാറി കമ്പനിയുടേത്. കോടതി ഇത് അംഗീകരിച്ചില്ല. ടാങ്ക് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ സിവിൽ കോടതിയിൽ പോകാനും കോടതി നിർദ്ദേശിച്ചു. ചെങ്ങോടുമല ഖനനവിരുദ്ധ നാലാം വാർഡ് സമരസമിതിക്ക് വേണ്ടി ചെങ്ങോടുമ്മൽ ചെക്കിണി, പി. സി. സുരേഷ് എന്നിവർ നൽകിയ റിട്ട് പെറ്റീഷൻ തീർപ്പാക്കിയാണ് രണ്ട് മാസത്തിനകം ടാങ്ക് പുനർനിർമിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
കോടതി നിർദ്ദേശപ്രകാരം പരാതിക്കാരനെയും ക്വാറി ഉടമയുടെ പ്രതിനിധികളെയും പഞ്ചായത്ത് സെക്രട്ടറി നേരിട്ട് വിളിപ്പിച്ചിരുന്നു. പുന:പരിശോധനാ ഹരജി ഫയൽ ചെയ്തിട്ടുണ്ടെന്നും അതുവരെ ടാങ്ക് നിർമാണം തുടരരുതെന്നുമായിരുന്നുആവശ്യം. ഇപ്പോൾ പുന:പരിശോധനാ ഹർജി തള്ളിയതോടെ ടാങ്ക് നിർമ്മിക്കാനുള്ള മുഴുവൻ തടസങ്ങളും നീങ്ങിയിരിക്കുകയാണ്.