തിരൂർ: പട്ടാമ്പിയിൽ നിന്ന് ഫറോക്കിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണാതായ യുവതിയെ തിരൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലും 47 ദിവസം പ്രായമുള്ള കുഞ്ഞിനെ സമീപത്തെ കെട്ടിടത്തിൽ മരിച്ച നിലയിലും കണ്ടെത്തി. ഗുരുവായൂർ സ്വദേശി പ്രജിഷയെ (31) ആണ് തിങ്കളാഴ്ച വൈകിട്ട് 7.30ഓടെ പാളത്തിന് സമീപത്തു കൂടി നടന്നുപോവുകയായിരുന്ന യുവാക്കൾ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രജിഷയെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ട്രെയിൻ ഫറോക്കിലെത്തിയിട്ടും പ്രജിഷയെ കാണാഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ കൂടെ കുഞ്ഞുണ്ടെന്നറിഞ്ഞ് നാട്ടുകാരും പൊലീസും രാത്രി റെയിൽപാളത്തിലും സമീപ സ്ഥലങ്ങളിലും തെരച്ചിൽ നടത്തി. ഇതിനിടെ തിരൂർ ഫയർഫോഴ്സ് കെട്ടിടത്തിന് സമീപത്തെ പഴയ കെട്ടിടത്തിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് പ്രജിഷയുടെ ബാഗും കണ്ടെത്തി. കുഞ്ഞിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.