തളിപ്പറമ്പ്: ഹെർമിറ്റ് ക്രാബ് എന്നറിയപ്പെടുന്ന അപൂർവമായ സംന്യാസി ഞണ്ടിനെ തളിപ്പറമ്പ് കൂവോട്ട് കണ്ടെത്തി. ചെത്തുതൊഴിലാളിയായ പി . മോഹനന്റെ വീട്ടുപറമ്പിലാണ് ഈ അത്യപൂർവ ജീവിയെ കണ്ടെത്തിയത്.
ലോകത്ത് ഇതുവരെയായി 550 ലേറെ ഹെർമിറ്റ് ക്രാബ് ഇനങ്ങളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയ്ക്ക് സ്വന്തമായി രൂപമോ പുറംതോടോ ഇല്ല. ഒച്ച്, കല്ലുമ്മക്കായ എന്നിവ ഒഴിവാക്കിയ ഉപേക്ഷിച്ച പുറന്തോടുകളിൽ കയറിക്കൂടിയാണിവ രൂപം സ്വീകരിക്കുന്നത്.
ഞണ്ടിനെപ്പോലെ ഇറുക്കാൻ സാധിക്കുന്നതടക്കമുള്ള കൈകാലുകളും കണ്ണുകളും ഒപ്പം ഒച്ചിന്റെ പുറന്തോടുമായുള്ള തായിട്ടാണ് കണ്ടെത്തിയത് .സൂഷ്മസസ്യങ്ങൾ, ചെറുജീവികളുടെ പൊടിഞ്ഞുപോയ ശരിരാവശിഷ്ടങ്ങൾ എന്നിവയാണിതിന്റെ പ്രധാന ഭക്ഷണം.
പാഗുറോയിഡിയെ എന്ന ശാസ്ത്രനാമമുള്ള ഹെർമിറ്റ് ക്രാബ് രൂപത്തിൽ സാമ്യമുണ്ടെങ്കിലും ഞണ്ടിന്റെയോ ഒച്ചിന്റെയോ വർഗത്തിൽ പെടുന്നതല്ല. കടലിന്റെയും പുഴയുടെയും തീരങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്.
ജീവന് ഭീഷണി നേരിട്ടാൽ പൊടുന്നനെ അവയവഭാഗങ്ങളെല്ലാം പുറംതോടിനകത്തേക്ക് ഉൾവലിഞ്ഞാണിവ രക്ഷപ്പെടുന്നത്.
അലക്ഷ്യമായ മണൽ വാരലിന്റെ ഫലമായി ഇവ നാശോന്മുഖ ജീവികളുടെ പട്ടികയിലാണുള്ളത്. പി മോഹനന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ സംന്യാസി ഞണ്ടിനെ കുറ്റിക്കോൽ പുഴയിൽ വിട്ടയച്ചു.വീട്ടുകാർ നൽകിയ ചോറ് മുഴുവൻ ഞണ്ട് അകത്താക്കിയിരുന്നു.