കൽപ്പറ്റ: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ വരദൂർ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ വയനാട് ജില്ലാ ക്ഷീര കർഷക സംഗമം 22, 23 (വെളളി, ശനി) തീയതികളിൽ വരദൂർ വി.കെ.വർദ്ധമാന ഗൗഡർ ഓഡിറ്റോറിയത്തിൽ നടക്കും. വരദൂർ ക്ഷീരോല്പാദക സഹകരണ സംഘം
സുവർണ്ണ ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാർഷിക വികസന വകുപ്പ് മന്ത്രി വി.എസ്.
സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ഐ. സി. ബാലകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ. മാരായ സി.കെ.ശശീന്ദ്രൻ, ഒ.ആർ. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ എന്നിവർ പങ്കെടുക്കും.

ഇന്ന് വൈകുന്നേരം 4 മണിക്ക് വരദൂർ ക്ഷീരസംഘം പരിസരത്ത് വിളംബര ജാഥ സംഘടിപ്പിക്കും. 22 ന് ക്ഷീര സംഘം പരിസരത്ത് കന്നുകാലി പ്രദർശനം നടക്കും.
അന്ന് രാവിലെ 11 മണിക്ക് 'പ്രളയം അതിജീവനം' എന്ന
വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിക്കും. 'പ്രളയം അതിജീവന മാർഗ്ഗങ്ങൾ' എന്ന വിഷയത്തിൽ എം.പ്രകാശ് ഡെപ്യൂട്ടി ഡയറക്ടർ (എക്സ്റ്റൻഷൻ) തിരുവനന്തപുരം,
ഇൻഷുറൻസ് പദ്ധതിയെക്കുറിച്ച് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫീസർ പിഅനിതയും ക്ലാസ്സെടുക്കും.
2 മണിക്ക് ആരംഭിക്കുന്ന 'ചിരിക്കാം ചിന്തിക്കാം' എന്ന
ശില്പശാലയിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ക്ഷീര സഹകരണ സംഘം ഭാരവാഹികളും പങ്കെടുക്കും. വൈകീട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ ഗ്ലിറ്റ്സ് സാഗ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസും ജയരാജ്
വാര്യർ അവതരിപ്പിക്കുന്ന കാരികേച്ചർ ഷോയും ഉണ്ടായിരിക്കും.

23ന് രാവിലെ നടക്കുന്ന ക്ഷീര വികസന സെമിനാറിൽ മൃഗ ചികിത്സയിലെ നാട്ടറിവുകൾ എന്ന വിഷയത്തിൽ ഡോ.എസ്.ഷൺമുഖവേൽ സംസാരിക്കും. 11.30 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെയും, വരദൂർ ക്ഷീര സംഘം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടേയും സംയുക്ത ഉദ്ഘാടനം കേരള കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവ്വഹിക്കും. ക്ഷീര സംഘങ്ങളുടെ പ്രവർത്തനത്തിന് അന്തർദേശീയ അംഗീകാരം ലഭിച്ച വരദൂർ, സുൽത്താൻ ബത്തരി ക്ഷീരസംഘങ്ങളെ മന്ത്രി അനുമോദിക്കും.
ജില്ലയിലെ മികച്ച കർഷകനായ എം.വി.മോഹൻദാസ്, (3.48 ലക്ഷം ലിറ്റർ പാൽ), മികച്ച വനിതാ കർഷകയായ ലില്ലി
മാത്യു (1.72 ലക്ഷം ലിറ്റർ പാൽ), മികച്ച പട്ടിക വിഭാഗ കർഷകനായ കരിയൻ (21589 ലിറ്റർ പാൽ) എന്നിവരേയും അനുമോദിക്കും.
'ഡൊണേറ്റ് എ കൗ' എന്ന ആശയത്തിലൂടെ 300 കറവപശുക്കളെ പ്രളയാനന്തരം വയനാടിന് ലഭിക്കാനിടയാക്കിയ ആശയം മുന്നോട്ടുവെച്ച ക്ഷീര വികസന ഓഫീസർ വി.എസ്.ഹർഷയേയും പശുക്കളെ ദാനം ചെയ്ത റീച്ചിംഗ് ഹാന്റ് ചെയർമാൻ സാമുവൽ എന്നിവരെയും ആദരിക്കും. ജില്ലയിലെ കൂടുതൽ പാൽ സംഭരിച്ച സുൽത്താൻ ബത്തരി മിൽക്ക് സൊസൈറ്റി, (1.08 കോടി ലിറ്റർ) ജില്ലയിലെ മികച്ച ഡയറി ഫാം ഉടമ വേണു ചെറിയത്ത്, മികച്ച ബ്ലോക്കുതല കർഷകർ, ഐ.എസ്.ഒ.പുരസ്‌കാരം നേടിയ ജില്ലയിലെ ആദ്യത്തെ ഡയറി ഫാം ഉടമയായ മിനി തങ്കച്ചൻ കാട്ടിമൂല, മികച്ച ഗുണ നിലവാരമുള്ള പാൽ സംഭരിച്ച ആലാറ്റിൽ ക്ഷീര സംഘം, വരദൂർ ക്ഷീര സംഘത്തിലെ മികച്ച കർഷകർ എന്നിവരേയും അനുമോദിക്കും.

വാർത്താസമ്മേളനത്തിൽ വരദൂർ ക്ഷീര സംഘം പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദുമോൻ, പി.എൻ. സുരേന്ദ്രൻ, അനൂപ് ജോർജ്, ടി.പി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.