കൂടരഞ്ഞി: രക്ഷിതാക്കളെയും നാട്ടുകാരെയും ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ തീവ്ര ശ്രമം. കേരള സർക്കാർ വിമുക്തി മിഷന്റെയും എക്സൈസ് വകുപ്പിന്റെയും കൂടരഞ്ഞി പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പൂവാറൻ തോട് ഗവ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്നത്. "ലഹരി മുക്ത പൂവാറൻ തോട്" എന്ന പദ്ധതിയുടെ ഭാഗമായി ബോധവത്കരണ പരിപാടിയാണ് ആരംഭിച്ചത്. ലഹരിക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയെന്ന വലിയലക്ഷ്യവുമായാണ് വിദ്യാർത്ഥികൾ ഇറങ്ങിയത്. നാടിനെ ലഹരി മുക്തമാക്കാൻ ഒരു വർഷം നീളുന്ന പരിപാടികളാണ് ഇവർ ആസൂത്രണം ചെയ്തത്. "ഞാൻ ആയുസ്സുള്ള കാലം ലഹരി പദാർഥങ്ങൾ ഉപയോഗിക്കില്ല" , "ഞാൻ ഇന്നു മുതൽ ലഹരി പദാർഥങ്ങൾ ഉപയോഗിക്കില്ല", "ഞാൻ ലഹരിപദാർഥങ്ങൾ ഉപേക്ഷിക്കാൻ തീവ്രമായി ശ്രമിക്കും "എന്നീ പ്രതിജ്ഞകളെഴുതിയ പുസ്തകങ്ങളുമായാണ് കുട്ടികൾ നാട്ടുകാരെ സമീപിക്കുന്നത്. സ്കൂൾ അങ്കണം മുതൽ കാടോത്തിക്കുന്ന്, കല്ലംപുല്ല് ഭാഗങ്ങളിലേയ്ക്കാണ് വിദ്യാർത്ഥികൾ യാത്ര നടത്തിയത് .ലഹരി പദാർഥങ്ങളുടെ ഉപയോഗ ശീലമനുസരിച്ച് ഇഷ്ടമുള്ള പ്രതിജ്ഞ തെരഞ്ഞെടുക്കുന്നതിനും ഘട്ടം ഘട്ടമായി ലഹരി പദാർഥങ്ങളുടെ ഉപയോഗത്തിൽ നിന്ന് രക്ഷിതാക്കളെയും നാട്ടുകാരെയും പൂർണമായി മോചിപ്പിക്കുകയുമാണ് ലഹരി മുക്ത പ്രതിജ്ഞാ പുസ്തകം കൊണ്ടു ലക്ഷ്യമിടുന്നത്.ലഹരി വസ്തുക്കളുടെ ദോഷവശങ്ങൾ വിശദീകരിക്കുന്ന ലലുലേഖകളും കുട്ടികൾ വിതരണം ചെയ്തു. പ്രതിജ്ഞാവാചകം പുതുക്കുന്നതിനും ലഹരിവിരുദ്ധ പ്രതിജ്ഞയുടെ പുരോഗതി പരിശോധിക്കുന്നതിനും തുടർന്നുള്ള മാസങ്ങളിലും യാത്ര സംഘടിപ്പിക്കും. യുവജന സംഘടനകൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് ആദിവാസി കോളനികളുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബോധവത്ക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കും. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേത്യത്വത്തിൽ ലഹരിയ്ക്ക് അടിമപ്പെട്ടവരുടെ വിവരശേഖരണം നടത്തുകയും ലഹരിപദാര്‍ഥങ്ങള്‍ക്കടിമപ്പെട്ട് ആരോഗ്യം ക്ഷയിച്ചും മനോനില തകര്‍ന്നും ജീവിക്കുന്നവർക്ക് കോഴിക്കോട് ശാന്തി ഭവനുമായി ചേർന്ന് സൗജന്യമായി വ്യക്തിഗത ബോധവത്ക്കരണ ക്ലാസുകൾക്കുള്ള സൗകര്യവും ഏർപ്പെടുത്തുതുന്നുണ്ട്. "ലഹരി വിരുദ്ധ പൂവാറൻ തോട്" പദ്ധതി കൂടരഞ്ഞിപഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപകൻ പി.മുസ്തഫ, പി.ടി.എ.പ്രസിഡന്റ് ടെന്നീസ് ചോക്കാട്ട്, ഫാ.ജോവിയേൽ വടക്കേൽ, കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജജ്, എം.പി.ടി.എ.പ്രസിഡന്റ് രജിത ദിലീപ്, സ്കൂൾ ലീഡർ അനുശ്രീ, വി.വി.രതില, നിഷ വാവോലിക്കൽ, ജിസ്ന അഗസ്ത്യൻ, ഷിൽന, ഷറീന, സാജൻ എന്നിവർ സംസാരിച്ചു.