കോഴിക്കോട്: റവന്യു ജില്ലാ കലോത്സവത്തിനിടെ ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ മേളയുടെ നടത്തിപ്പ് ആകെ താറുമാറായി. പല സ്റ്റേജുകളും ചോർന്നൊലിച്ചു. രണ്ടാംവേദിയായ സബർമതിയിൽ മഴപ്പാറലടിച്ച് യു.പി വിഭാഗം ഭരതനാട്യം നിറുത്തിവെക്കേണ്ടി വന്നു. സ്റ്റേജിലെ ലൈറ്റ് പൊട്ടി വീണതോടെ മത്സരം വീണ്ടും വൈകി. സംഘാടകർ സ്റ്റേജ് വൃത്തിയാക്കിയ ശേഷം ഒടുവിൽ ആറു മണിയോടെയാണ് മത്സരം തുടർന്നത്.
മഹിളാമാൾ ഗ്രൗണ്ടിൽ മൂകാഭിനയം, ഗണപത് ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടിൽ പരിചമുട്ടുകളി, സാമൂതിരി എച്ച്.എസ്.എസിൽ നാടകം തുടങ്ങിയ ഇനങ്ങളെല്ലാം മഴയിൽ തടസ്സപ്പെട്ടിരുന്നു.