നാദാപുരം: വീട്ടുമുറ്റത്ത് നിറുത്തിയിട്ട ഇരുചക്രവാഹനങ്ങൾ കത്തിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. വാണിമേൽ പരപ്പുപാറയിലെ ചേരാനാണ്ടി മുക്കിനടുത്ത് കോരമ്മൻ ചുരത്തിൽ കുഞ്ഞാലിയുടെ വീട്ടുമുറ്റത്ത് രണ്ടു സ്‌കൂട്ടറുകൾക്കും രണ്ടു ബൈക്കുകൾക്കുമാണ് ചൊവ്വാഴ്ച പുലർച്ചെ മുഖം മൂടി ധരിച്ച് എത്തിയ രണ്ടു പേർ ചേർന്ന് പെട്രോൾ ഒഴിച്ച് തീവെച്ചത്. ഇതിൽ സ്‌കൂട്ടറുകൾ പൂർണമായും കത്തിപ്പോയി. ബൈക്കുകൾക്ക് ഭാഗികമായി കത്തിനശിച്ചു.

കുഞ്ഞാലിയുടെയും ബന്ധുക്കളായ ഹാരിസ്, സജീർ, അയൽവാസി അനൂപ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് വീട്ടുമുറ്റത്തുണ്ടായിരുന്നത്. മുറ്റത്ത് തീ പടരുന്നത് കണ്ട വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഓടിക്കൂടിയ പരിസരവാസികളും പൊലീസും ചേർന്ന് തീ അണച്ചു.

അടുത്തിടെ കാര്യമായ അക്രമസംഭവങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ഇരുട്ടിന്റെ മറവിലുണ്ടായ അക്രമം നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്.

വീട്ടിലെ സി.സി.ടി.വിയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സമീപത്തെ വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ഫോൺ ടവറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഭ്യമായ തെളിവുകളുടെ സഹായത്തോടെ പ്രതികളെ വൈകാതെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ നിഗമനം.