കൽപ്പറ്റ: കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി വിഷയത്തിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി വയനാട് കളക്ടറോട് ആവശ്യപ്പെട്ട അടിയന്തര റിപ്പോർട്ട് ഇതുവരെ നൽകിയില്ല. ഭൂമിപ്രശ്നത്തിൽ സുപ്രീം കോടതിയിൽ സ്‌പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നില്ലെങ്കിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു അനുകൂലമായി എന്തുചെയ്യാൻ കഴിയുമെന്നു പരിശോധിച്ചു അടിയന്തര റിപ്പോർട്ട് നൽകണമെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ആവശ്യത്തിലാണ് തുടർ നടപടി ഇല്ലാത്തത്.
കഴിഞ്ഞ സെപ്തംബർ 24നാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറി കളക്ടർക്കു കത്തയച്ചത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡപ്യൂട്ടി കളക്ടർ(എൽഎ) 2015 ഓഗസ്റ്റ് 15 മുതൽ കളക്ടറേറ്റ് പടിക്കൽ സത്യഗ്രഹം നടത്തുന്ന കാഞ്ഞിരത്തിനാൽ കുടുംബാംഗം കെ.കെ. ജയിംസിന് നോട്ടീസ് അയച്ചിരുന്നു. ബന്ധപ്പെട്ട രേഖകളുമായി ഈ മാസം 16ന് ഓഫീസിൽ ഹാജരാകണമെന്ന് നിർദേശിച്ച് 12നാണ് നോട്ടീസ് അയച്ചത്. ഇതനുസരിച്ച് ആവശ്യമായ രേഖകളുമായി ജയിംസ് അന്നും പിന്നീടും ഹാജരായെങ്കിലും ഡപ്യൂട്ടി കളക്ടറുടെ അസൗകര്യം മൂലം നേരിൽ കേൾക്കൽ നടന്നില്ല. കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ ഹരിതസേന സംസ്ഥാന ചെയർമാൻ അഡ്വ.വി.ടി. പ്രദീപ്കുമാർ 2018 ജൂലൈ 10നു മുഖ്യമന്ത്രിക്കു സമർപ്പിച്ച നിവേദനമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ജില്ല കളക്ടറുടെ റിപ്പോർട്ട് തേടുന്നതിനു ഇടയാക്കിയത്. കാഞ്ഞിരത്തിനാൽ കുടുംബം കാഞ്ഞിരങ്ങാട് വില്ലേജിൽ അവകാശവാദം ഉന്നയിക്കുന്ന 12 ഏക്കർ ഭൂമിയിൽ നിയമസഭ പെറ്റീഷൻസ് കമ്മിറ്റി ഓഗസ്റ്റ് രണ്ടിനു നടത്തിയ പരിശോധനയ്ക്കും തെളിവെടുപ്പിനും കാരണമായതും ഹരിതസേന ചെയർമാന്റെ പരാതിയാണ്.
കെ.ബി. ഗണേഷ്‌കുമാർ അദ്ധ്യക്ഷനായ പെറ്റീഷൻസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് ആഴ്ചകളായെങ്കിലും ഭൂമി വിഷയം തീർപ്പായില്ല. കാഞ്ഞിരത്തിനാൽ കുടുംബം അവകാശവാദം ഉന്നയിക്കുന്ന 12 ഏക്കർ സ്ഥലം വനഭൂമിയല്ലെന്നും വിട്ടുകൊടുക്കാമെന്നുമാണ് റിപ്പോർട്ടിലെ ശിപാർശയെന്നാണ് സൂചന.
കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ 1967ൽ കുട്ടനാട് കാർഡമം കമ്പനിയിൽനിന്നു വിലയ്ക്കുവാങ്ങിയ കൃഷിയിടമാണ് മദ്രാസ് പ്രിസർവേഷൻ ഓഫ് പ്രൈവറ്റ് ഫോറസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്നതെന്നു വാദിച്ച് 1975ൽ വനം വകുപ്പ് പിടിച്ചെടുത്തത്. ഈ സ്ഥലവും 2010 ഒക്ടോബർ 21ന് വനഭൂമിയായി വനംവന്യജീവി വകുപ്പ് വിജ്ഞാപനം ചെയ്യുകയുമുണ്ടായി. കാഞ്ഞിരത്തിനാൽ കുടുംബത്തിനു ഭൂമി വിട്ടുകൊടുത്ത് 2007ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഉത്തരവായിരുന്നു. ഇതിനെതിരെ തൃശൂരിലെ ഒരു പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ചു. 1985ലെ ഫോറസ്റ്റ് ട്രിബ്യൂണൽ വിധിയുടെ ചുവടുപിടിച്ചും വനഭൂമിയിൽ വനേതര പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ടുമായിരുന്നു പരിസ്ഥിതി സംഘടനയുടെ ഹർജി. ഇതിൽ ഹർജിക്കാർക്കു അനുകൂലമായിരുന്നു കോടതി വിധി. കാഞ്ഞിരത്തിനാൽ കുടുംബം അവരുടേതെന്നു പറയുന്നതു വനഭൂമിയല്ലെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ ലഭ്യമാക്കാതിരുന്നതാണ് കോടതി വിധി പരിസ്ഥിതി സംഘടനയ്ക്കു അനുകൂലമാകാൻ കാരണമായത്.
ഈ വിധിക്കെതിരെ കാഞ്ഞിരത്തിനാൽ കുടുംബം അഡ്വ.പി.സി. തോമസ് മുഖേന സമർപ്പിച്ച റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തള്ളുകയാണുണ്ടായത്. തുടർന്ന് സുപ്രീം കോടതിയിൽ സ്‌പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്‌തെങ്കിലും 2018 മാർച്ച് അഞ്ചിനു പിൻവലിക്കുകയാണുണ്ടായത്.
കാഞ്ഞിരത്തിനാൽ ഭൂമി വിഷയത്തിൽ സുപ്രീം കോടതിയിൽ സ്‌പെഷൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നുണ്ടോ എന്നതുമാത്രമാണ് ബാക്കി നിൽകുന്നതെന്നു നിയമ സെക്രട്ടറി സർക്കാരിനെ നേരത്തേ അറിയിച്ചിരുന്നു.