കൽപ്പറ്റ: സംസ്ഥാന കൃഷിവകുപ്പ് കൽപ്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടത്തുന്ന പ്രീ വൈഗ കേരള കോഫി അഗ്രോ എക്സ്‌പോ ശനിയാഴ്ച തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി നാല് മുതൽ എട്ട് വരെ തൃശൂരിൽ നടക്കുന്ന വൈഗ അന്താരാഷ്ട്ര ശില്പശാലയ്ക്കും പ്രദർശനത്തിനും മുന്നോടിയായാണ് കാപ്പി മുഖ്യപ്രമേയമാക്കി വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ ദ്വിദിന പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
സെമിനാറുകളും, പ്രദർശനവും, സംരംഭക മീറ്റും ഉണ്ടായിരിക്കും.
23ന് ശനിയാഴ്ച രാവിലെ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സി.കെ.ശശീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. 24ന്സമാപന സമ്മേളനം ജലസേചന വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
അമ്പലവയൽ കാർഷിക കോളേജ്, കെ.വി.കെ. അമ്പലവയൽ, സ്വാമിനാഥൻ ഫൗണ്ടേഷൻ, ആത്മ വയനാട്, ഫിഷറീസ് വകുപ്പ്, വാസുകി, ബ്രഹ്മഗിരി, ഉറവ് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ സംരംഭകർ എന്നിവരുടെ പ്രദർശന സ്റ്റാളുകൾ മേളയിൽ ഉണ്ടായിരിക്കും. കാപ്പികൃഷിയിൽ ആധുനികവത്കരണം എന്ന വിഷയത്തിൽ മുൻ എം.എൽ.എ. പി. കൃഷ്ണപ്രസാദ്, കാപ്പിയിൽ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ എന്ന വിഷയത്തിൽ സോമണ്ണ, കാപ്പികൃഷിയിൽ ക്ലോണൽ പ്രജനന രീതി എന്ന വിഷയത്തിൽ കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോ. സൂര്യപ്രകാശ്, കുറ്റി കുരുമുളക് ഉല്പാദനം എന്ന വിഷയത്തിൽ മാട്ടിൽ അലവി, കുരുമുളക് കയറ്റുമതി നയങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ കെ.കെ.വിശ്വനാഥ്,ഫാം ടൂറിസം എന്ന വിഷയത്തിൽ കെ.ആർ.വാഞ്ചീശ്വരൻ, ഇടവിളയായി ഫല വർഗ്ഗകൃഷി എന്ന വിഷയത്തിൽ വീര അരസു, കുരുവിള ജോസഫ്, ചക്ക,പാഷൻഫ്രൂട്ട് സംസ്‌കരണവും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും എന്ന വിഷയത്തിൽ ഡോ: എൻ.ഇ.സഫിയ എന്നിവർ സംസാരിക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ബി.സുരേഷ്, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ്, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അജയ് അലക്സ്, വയനാട് ഗ്രോവേഴ്സ് അസോസിയേഷൻ പ്രതിനിധി കൃഷ്ണ മനോഹർ എന്നിവർ പങ്കെടുത്തു.