കൽപ്പറ്റ: സുൽത്താൻ ബത്തേരി ഗവ. സർവജന സ്‌കൂളിലെ ക്ലാസ്സ് മുറിയിൽ നിന്ന് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ക്ലാസ്സ് മുറികളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന അടിയന്തര ഉത്തരവിറക്കി. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും അങ്കണവാടികളിലെയും ക്ലാസ്സ് മുറികളിൽ ബന്ധപ്പെട്ടവർ മതിയായ പരിശോധന നടത്തി പൊട്ടിപൊളിഞ്ഞു കിടക്കുന്ന ക്ലാസ്സ് മുറികൾ അടിയന്തരമായി നന്നാക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ പറഞ്ഞു. 2005 ലെ ഡിസാസ്റ്റർ മാനേജമെന്റ് ആക്ട് പ്രകാരമാണ് ഉത്തരവ്.
തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ അതത് പരിധിയിലെ വിദ്യാലയങ്ങളിലെ ക്ലാസ്സ് മുറികൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. പാമ്പും ഇഴ ജന്തുക്കളും പ്രവേശിക്കാൻ സാധ്യതയുള്ള വിധത്തിലുള്ള ദ്വാരങ്ങളും മറ്റും അറ്റകുറ്റപ്പണിയിലൂടെ അടയ്ക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എഞ്ചിനീയർമാർ വിദ്യാലയം സന്ദർശിച്ച് കെട്ടിടങ്ങളുടെയും ക്ലാസ്സ് മുറികളുടെയും അറ്റകുറ്റ പണികൾ പൂർത്തീകരിച്ചതായി ഉറപ്പ് വരുത്തണം. സുരക്ഷാ പരിശോധന നടത്തി വിദ്യാഭ്യാസ സ്ഥാപനത്തിൽ സൂക്ഷിച്ചിട്ടുള്ള പരിശോധനാ രജിസ്റ്ററിൽ ഫിറ്റ്നസ്സ് സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തണം. അധികൃതർ സർട്ടിഫിക്കറ്റ് സൂക്ഷിക്കുകയും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതുമാണ്. പൊതുയിടങ്ങളിലും ഗ്രന്ഥശാലകളിലും ആസ്പത്രികളിലും ഇത്തരത്തിലുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടാൽ വനംവകുപ്പിന്റെ സഹായത്തോടെ ഇവയെ ഇവിടെ നിന്നു മാറ്റാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഏതെങ്കിലും സാഹചര്യത്തിൽ ക്ലാസ് മുറികളിൽ വിഷ ജന്തുക്കളെ കണ്ടെത്തിയാൽ അവയെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ചുളള പരിശീലനവും ബോധവൽക്കരണവും അദ്ധ്യാപകർക്കും കുട്ടികൾക്കും നൽകാനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പ് കടിയേറ്റ് സ്വകാര്യ ആശുപത്രിയിലടക്കം ചികിൽസ തേടിയെത്തുന്ന രോഗിക്ക് ബന്ധപ്പെട്ട മാനദണ്ഡങ്ങളുവുസരിച്ചുളള ചികിൽസ ലഭിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പ് വരുത്തണമെന്നും ജില്ലാ കളകടറുടെ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.