കൽപ്പറ്റ: ബത്തേരി സർവജന സ്‌കൂളിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സുൽത്താൻബത്തേരിയിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളുകളിലൊന്നായ സർവജന ഹയർ സെക്കൻഡറി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് അടിയന്തര ശ്രദ്ധ സംസ്ഥാന സർക്കാരിനുണ്ടാവണം. സംസ്ഥാനസർക്കാർ അടിയന്തരമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് പരിശോധന നടത്തണം. സർവജന സ്‌കൂളിലെയും വയനാട്ടിലെ മറ്റ് സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു. ഇനിയൊരു രക്ഷിതാവിനും ഇതുപോലുള്ള ദുരന്തവും വേദനയുമുണ്ടാകാൻ ഇടവരരുതെന്നും രാഹുൽഗാന്ധി കത്തിൽ പറഞ്ഞു.
മുഖം നോക്കാതെ നടപടിയെടുക്കണം: ഐ.സി.ബാലകൃഷ്ണൻ
സുൽത്താൻബത്തേരി: സർവ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മുഖം നോക്കാതെ നടപടി വേണമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പൊതു സമൂഹ ത്തിനുണ്ട്.
വിദ്യാലയങ്ങളിൽ എത്തുന്ന കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും അദ്ധ്യാപകർക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇപ്പോഴത്തെ സംഭവത്തിൽ വിദ്യാലയ അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായതും, ആശുപത്രി അധികൃതർക്ക് സംഭവിച്ച വീഴ്ച്ചകളും പരിശോധിച്ച് നടപടി വേണം. ഇക്കാര്യങ്ങൾ വിശദമായി വിദ്യാഭ്യാസമന്ത്രിയുടെയും, സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.