പുൽപള്ളി: അദ്ധ്യാപകൻ മർദ്ദിച്ചെന്ന പരാതിയെത്തുടർന്ന് ചികിത്സയ്ക്കുശേഷം സ്‌കൂളിൽ തിരിച്ചെത്തിയ വിദ്യാർത്ഥിയെ അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചതായി പരാതി. ഇതേത്തുടർന്ന് വിദ്യാർത്ഥി വീടുവിട്ടിറങ്ങി.
ഒരാഴ്ച മുമ്പ് കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളിലെ പത്താതരം വിദ്യാർത്ഥി അലൻ ചാക്കോയെ അദ്ധ്യാപകൻ അകാരണമായി മർദ്ദിച്ചെന്നായിരുന്നു പരാതി. സംഭവത്തിനുശേഷം വ്യാഴാഴ്ച രാവിലെ വിദ്യാർത്ഥിയെ സ്‌കൂളിൽ അമ്മ കൊണ്ടുവന്ന് വിട്ടിരുന്നു. എന്നാൽ അദ്ധ്യാപകരിൽ ചിലർ വിദ്യാർത്ഥിയെ മറ്റ് കുട്ടികളുടെ കൂടെയിരിക്കാൻ അനുവദിക്കാതെ മാറ്റിയിരുത്തി. ഈ വിദ്യാർത്ഥിക്കെതിരെ അദ്ധ്യാപകർ നിർബന്ധിച്ച് മറ്റ് വിദ്യാർത്ഥികളെക്കൊണ്ട് പരാതി എഴുതി വാങ്ങുകയും ചെയ്‌തെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
രാവിലെ 10.30 ഓടെ കുട്ടി സ്‌കൂളിൽ നിന്ന് പുറത്തേക്ക് പോവുകയും വീട്ടിലെത്തി തന്നെ ഇനി അന്വേഷിക്കേണ്ടെന്ന കത്തെഴുതിവച്ച് പോവുകയുമായിരുന്നു.
വൈകുന്നേരത്തോടെ ചീയമ്പത്തെ ഒരു വീട്ടിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. വിദ്യാർത്ഥിയെ മാനസികമായി പീഡിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് പുൽപള്ളി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. അദ്ധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.